കൊച്ചി: കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹ്രസ്വദൂര കണ്ടെയ്‌നർ കപ്പൽ സർവീസിന് തുടക്കമായി. ‘ഹരിത ചരക്ക് ഇടനാഴി-2’ സമുദ്രതീര കപ്പൽ സർവീസിന്റെ കന്നി യാത്രയ്ക്കായുള്ള ലോഡിങ് നടപടികൾ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത വകുപ്പ് സഹമന്ത്രി മൻസുഖ് മണ്ഡവ്യ വെർച്വലായി ഉദ്ഘാടനം ചെയ്തു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ജെ.എം. ബക്‌സി ഗ്രൂപ്പി’നു കീഴിലുള്ള ‘റൗണ്ട് ദ കോസ്റ്റ്’ എന്ന കപ്പൽ കമ്പനിയുടെ ‘എം.വി. ഹോപ്പ് സെവൻ’ എന്ന കപ്പലാണ് സർവീസ് നടത്തുന്നത്. നിലവിൽ കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന സർവീസിൽ വൈകാതെ കൊല്ലം തുറമുഖത്തെ കൂടി ഉൾപ്പെടുത്തും.

കൊച്ചി തുറമുഖത്ത് ആഴ്ചയിൽ രണ്ട് തവണയെത്തുന്ന കപ്പൽ ഇവിടെ നിന്നുള്ള ചരക്ക് കണ്ടെയ്‌നറുകൾ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ എത്തിക്കും. കണ്ടെയ്‌നറുകളുടെ തീരദേശ ഷിപ്പിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘റിവർ സീ’ ചരക്ക് യാനങ്ങളുടെ കപ്പൽ ബന്ധിത നിരക്കുകളിൽ കൊച്ചിൻ തുറമുഖം 50 ശതമാനം കിഴിവ് നൽകുന്നുണ്ട്. കൂടാതെ റോഡിലൂടെയുള്ള ചരക്കുനീക്ക ചെലവിനു പുറമെ, 10 ശതമാനത്തിന്റെ പ്രവർത്തന ഇൻസെന്റീവ് കേരള സർക്കാരും നൽകും.