മട്ടാഞ്ചേരി: യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചൈനയിലേക്കും വേണ്ടത്ര കപ്പൽ സർവീസുകളില്ലാത്തതിനാൽ സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖലയിൽ കനത്ത പ്രതിസന്ധി. ഈ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള ഉത്പന്നങ്ങൾ വൻതോതിൽ സംസ്ഥാനത്തെ ഫാക്ടറികളിൽ കെട്ടിക്കിടക്കുകയാണ്.

കൊച്ചിയിലേക്കു വരുന്ന കപ്പലുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും കൂടുതൽ ചരക്ക് കയറ്റിപ്പോകുന്ന മേഖലയുമായി ബന്ധപ്പെടുത്തിയുള്ള കപ്പലുകൾ കാര്യമായി എത്തുന്നില്ല. യൂറോപ്പിലേക്കും ചൈനയിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള കപ്പൽ സർവീസുകൾ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.

നയപരമായ കാരണങ്ങളാൽ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് അടുത്തകാലത്ത് തടസ്സങ്ങളുണ്ടായി. ഇത് ചൈനയിലേക്കുള്ള കപ്പൽ സർവീസുകളെ ബാധിച്ചു. കൊച്ചി ഉൾപ്പെടെ രാജ്യത്തെ പ്രധാന തുറമുഖങ്ങളിലേക്കുള്ള കപ്പൽ സർവീസുകളെല്ലാം ചൈന വെട്ടിക്കുറച്ചിരിക്കുകയാണ്. ചൈനയെ ബന്ധിപ്പിക്കുന്ന കപ്പൽ സർവീസുകൾ വഴിമാറിയതോടെ വ്യാപാര രംഗത്തെ അത് ബാധിച്ചിട്ടുണ്ട്.

യൂറോപ്പ്, അമേരിക്ക, ചൈന തുടങ്ങിയ മേഖലയിലേക്ക് സർവീസ് നടത്തുന്നതിന് ഇന്ത്യൻ കപ്പലുകൾ തീരെയില്ല. ബഹുരാഷ്ട്ര കമ്പനികൾ മാത്രമാണ് ഈ മേഖലയിലുള്ളത്. അതുകൊണ്ട് വിദേശ കമ്പനികൾ കനിയാതെ ഇത്തരം കപ്പൽ സർവീസുകൾ രാജ്യത്തെ തുറമുഖങ്ങളിലേക്ക് വരില്ല.

രാജ്യത്തേക്കുള്ള ഇറക്കുമതി 20 ശതമാനം വരെ കുറഞ്ഞതായാണ് കപ്പൽ ഗതാഗത രംഗത്തുനിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ഇറക്കുമതി കുറഞ്ഞതും കപ്പലുകളുടെ വരവിനെ ബാധിച്ചിട്ടുണ്ട്.

കൊച്ചിയിലേക്ക് കപ്പലുകൾ എത്താത്തതിനാൽ കൊളംബോ വഴി കണ്ടെയ്‌നറുകൾ കയറ്റി അയയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, തിരക്ക് മൂലം അതും സാധ്യമാകുന്നില്ല. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഓരോ ആഴ്ചയിലും 600-ലേറെ കണ്ടെയ്‌നറുകൾ കേരളത്തിൽനിന്നുതന്നെ കയറ്റിയയ്ക്കാനുണ്ട്. ഇതൊക്കെ ഇപ്പോൾ കെട്ടിക്കിടക്കുകയാണ്. കാപ്പി, കശുവണ്ടി, കയർ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളാണ് കയറ്റി അയയ്ക്കാൻ കഴിയാതെ പോകുന്നത്. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി അടുത്ത മാസം മുതൽ ശക്തമാകും. കപ്പൽ സർവീസ് ഇല്ലാത്തത് അവയ്ക്കും തിരിച്ചടിയാകും.

കൂടുതൽ ചരക്ക് പോകുന്ന യു.എസിലേക്കും യൂറോപ്പിലേക്കും കേരളത്തിൽനിന്ന് എല്ലാ ആഴ്ചയിലും കപ്പൽ സർവീസുകൾ വേണമെന്ന് കൊച്ചിൻ പോർട്ട് യൂസേഴ്‌സ് ഫോറം ചെയർമാൻ പ്രകാശ് അയ്യർ ആവശ്യപ്പെട്ടു.