രാജ്യത്ത് രണ്ടു ലക്ഷത്തിലേറെ ജീവനക്കാരുള്ള കമ്പനികളുടെ പട്ടികയിൽ ഇതുവരെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.), ഇൻഫോസിസ്, എസ്.ബി.ഐ., കോൾ ഇന്ത്യ എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം കോവിഡ് മഹാമാരിക്കിടയിലും 75,000 പേർക്ക് തൊഴിലവസരമൊരുക്കിയതോടെ, റിലയൻസ് ഇൻഡസ്ട്രീസും ഈ നിരയിലേക്ക് എത്തി. നിലവിൽ 2.30 ലക്ഷം പേരാണ് മുകേഷ് അംബാനിയുടെ റിലയൻസിൽ ജോലി ചെയ്യുന്നത്.

മൂന്നു വർഷങ്ങൾക്കുള്ളിൽ ജീവനക്കാരുടെ എണ്ണം 12 ലക്ഷത്തിലെത്തിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഇതോടെ, നിലവിൽ എട്ടു ലക്ഷം ജീവനക്കാരുള്ള ടാറ്റ ഗ്രൂപ്പിനെ റിലയൻസ് കടത്തിവെട്ടും.

പുതിയ തൊഴിലവസരങ്ങളിൽ ഏറ്റവും കൂടുതൽ റിലയൻസ് റീട്ടെയിലിലാണ്. റീട്ടെയിൽ, ടെലികോം മേഖലകളിലുള്ള വളർച്ചയ്ക്കു പുറമെ, 75,000 കോടി രൂപയുടെ വികസനം നടപ്പാക്കുന്ന ഗ്രീൻ എനർജി രംഗത്തും വലിയ തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.