ബഹുരാഷ്ട്ര കമ്പനികൾ ഇലക്‌ട്രിണിക്-ഗൃഹോപകരണ ഉത്പന്നങ്ങളുടെ വിപണി കൈയടക്കിയിരുന്ന കാലം... മലപ്പുറം മഞ്ചേരിയിൽ മൂന്ന്‌ ജീവനക്കാരുമായി ഗൃഹോപകരണ വിപണിയിലേക്ക് ഒരു സ്ഥാപനം ചുവടുവച്ചു... ‘ഇംപെക്സ്’ എന്ന പേരിൽ. ഗുണമേന്മയും വിശ്വാസ്യതയുമായിരുന്നു ഇംപെക്സിന്റെ പ്രധാന മൂലധനം.

ചുരുങ്ങിയ സമയംകൊണ്ട് വീട്ടകങ്ങളുടെ വിശ്വാസമായി ആ ബ്രാൻഡ് മാറി. ഒന്നരപ്പതിറ്റാണ്ട്‌ പിന്നിടുമ്പോൾ ആറ്‌ രാജ്യങ്ങളിലായി 1,400-ലധികം ജീവനക്കാരുള്ള സംരംഭമായി അത് പടർന്നുപന്തലിച്ചു. ഇന്ത്യയിലെ ഗൃഹോപകരണ മേഖലയിൽ ആദ്യ അഞ്ച്‌ ജനപ്രിയ ‘എമർജിങ് ബ്രാൻഡു’കളിലൊന്നായി കേരളത്തിന്റെ സ്വന്തം ‘ഇംപെക്സ്’ മാറി.

യു.പി.എസിൽ തുടങ്ങി എൽ.ഇ.ഡി. ടി.വി. നിർമാണം വരെ എത്തിനിൽക്കുന്നു. കിച്ചൺ അപ്ലയൻസസ്, ഹോം എന്റർടെയിൻമെന്റ്, വാഷിങ് മെഷീൻ, എയർ കണ്ടീഷണറുകൾ... എന്നിങ്ങനെ നീളുന്നു ഇംപെക്സിന്റെ ഉത്പന്നനിര. കേരളത്തിന് പുറമെ, തമിഴ്‌നാട്, ആന്ധ്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലും വിപണി കീഴടക്കി.

വിദേശക്കമ്പനികൾ ഇന്ത്യൻ ഇലക്‌ട്രോണിക്-ഗൃഹോപകരണ രംഗം പിടിച്ചടക്കിയ ഒരുകാലം ഉണ്ടായിരുന്നു. എന്നാൽ‌, കടൽകടന്ന് പെരുമ നേടുകയാണ് കേരളത്തിന്റെ സ്വന്തം ഇംപെക്സ്. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലും മുൻനിര ബ്രാൻഡാണ് ഇന്ന് ഇംപെക്സ്.

2020-ഓടെ യൂറോപ്പിലേക്കും സാന്നിധ്യം വ്യാപ്പിക്കുകയാണെന്ന് ഇംപെക്സിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സി. നുവൈസ് ‘മാതൃഭൂമി ധനകാര്യ’ത്തോട് പറഞ്ഞു. 2025-ൽ വിവിധ രാജ്യങ്ങളിൽ നിന്നായി 2,500 കോടി രൂപയുടെ വിറ്റുവരവാണ് ഇംപെക്സ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കസ്റ്റമർ കിങ് പോളിസി

കടുത്ത മത്സരമുള്ള ഇലക്‌ട്രോണിക്-ഗൃഹോപകരണ മേഖലയിൽ ഇംപെക്സിന്റെ കുതിപ്പിന് പിന്നിലെ തത്ത്വം ലളിതമാണ്... ‘വിൽപ്പനാനന്തര സേവനം’ ആണ് സ്ഥാപനത്തിന്റെ മുഖമുദ്ര. ഉത്പന്നം വിൽക്കുന്നതോടെ അവസാനിക്കുന്നതല്ല ഉപഭോക്താവുമായുള്ള ബന്ധം. ഗൃഹോപകരണങ്ങളെന്നാൽ കുടുംബത്തിലെ അംഗങ്ങളെപ്പോലെ തന്നെയാണെന്ന ഉറച്ച വിശ്വാസം കമ്പനിക്കുണ്ടെന്ന് നുവൈസ് പറയുന്നു.

വിപണിയുള്ള ഇടങ്ങളിൽ കസ്റ്റമർ കെയർ സെന്ററും ഉപഭോക്താവിന്റെ വിളിപ്പുറത്തെത്താൻ ജീവനക്കാരും റെഡിയാണ്. കേരളത്തിൽ മാത്രം 25 സർവീസ് സെന്ററുകളും 400 സർവീസ് എൻജിനിയർമാരും. ഉപഭോക്താക്കളുടെ ഇഷ്ടം മനസ്സിലാക്കി, അതിനനുസരിച്ച് ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കാൻ ഗവേഷണവിഭാഗവും സജ്ജം.

മാറുന്ന അഭിരുചികൾക്കൊപ്പം

ജനത്തിന്റെ അഭിരുചികളും അതിനൊപ്പം വിപണിയും അനുനിമിഷം മാറുകയാണ്. അത്‌ പെട്ടെന്ന്‌ തിരിച്ചറിയാൻ ഇംപെക്സിന് കഴിയുന്നു. നവീന സാങ്കേതിക വിദ്യയെ പിന്തുടരാനും ഉപഭോക്താവിന് ഉൾക്കൊള്ളാനാകുന്ന വിലയ്ക്ക് ലഭ്യമാക്കാനും കമ്പനി ശ്രദ്ധാലുവാണ്.

ഗൃഹോപകരണങ്ങൾ, കിച്ചൺ അപ്ലയൻസസ്, ഹോം എന്റർടെയിൻമെന്റ്, പേഴ്‌സണൽ ഗ്രൂമിങ് എന്നിങ്ങനെ നാലുവിഭാഗങ്ങളിലായി 400-ലധികം ഉത്പന്നങ്ങൾ ഇംപെക്സ് പുറത്തിറക്കുന്നുണ്ട്. 500 രൂപ മുതൽ 90,000 രൂപവരെ വിലവരുന്ന സാധനങ്ങളുണ്ട്.

കേരളത്തിൽ മാത്രം 3000-ത്തിലധികം ഡീലർമാർ. ആൻഡ്രോയ്‌ഡ്-എട്ട് വഴി സ്മാർട്ട് ടി.വി. വിപണിയിൽ തരംഗമാവാനും ഇംപെക്സിന് കഴിഞ്ഞു. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ഉപയോഗപ്പെടുത്തി എ.ഐ.ടി.വി. ഡിസംബറിൽ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് നുവൈസ് അറിയിച്ചു.

ഓൺലൈൻ സാന്നിധ്യം

‘ഫ്ളിപ്കാർട്ട്’, ‘ആമസോൺ’ തുടങ്ങി പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ ഇംപെക്സ് ഉത്പന്നങ്ങൾ ലഭ്യമാണ്. 2020-ൽ 150 കോടി രൂപയാണ് ഓൺലൈൻ വിപണനം വഴി ലക്ഷ്യമിടുന്നത്. ഓൺലൈൻ വിപണിയിലെ ഗോൾഡ് സെല്ലർ പദവിയും ഇംപെക്സ് കരസ്ഥമാക്കി.

സ്വന്തം പ്ലാന്റുകൾ

കൊച്ചിയിലും ബെംഗളൂരുവിലുമുള്ള സ്വന്തം പ്ലാന്റുകളിലാണ് ഇംപെക്സ് ഉത്പന്നങ്ങൾ നിർമിക്കുന്നത്. കൊച്ചി പ്ലാന്റിൽ പ്രതിദിനം 1,500 എൽ.ഇ.ഡി. ടി.വി.കളാണ് നിർമിക്കുന്നത്. ഇവിടെ ഗ്യാസ് സ്റ്റൗ ഫാക്ടറിയുമുണ്ട്.

ബെംഗുളൂരു പ്ലാന്റിൽ പ്രതിദിനം 3,500 പ്രഷർ കുക്കറുകളും 5,000 നോൺസ്റ്റിക്‌ പാത്രങ്ങളും നിർമിക്കുന്നു. അത്യാധുനിക ‘ഓട്ടോമേറ്റഡ് റോബോട്ടിക്’ സാങ്കേതികവിദ്യയെയും ഇംപെക്സ് ആശ്രയിക്കുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ അഞ്ച് നോൺസ്റ്റിക് വെയർ-പ്രഷർകുക്കർ ഉത്പാദന പ്ലാന്റുകളിൽ ഒന്നാണിത്.