കൊച്ചി: ഡിജിറ്റൽ ക്രിപ്‌റ്റോ കറൻസിയായ ‘ബിറ്റ്കോയിൻ’ വീണ്ടും കുതിപ്പിന്റെ പാതയിൽ. 2020 മാർച്ചിൽ വൻതോതിൽ ഇടിവ് നേരിട്ട ബിറ്റ്‌കോയിൻ വില തിങ്കളാഴ്ച 19,000 ഡോളറിനു മുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ അഞ്ചു ശതമാനത്തോളം വില ഉയർന്ന് 19,109 ഡോളറിലെത്തി. അതായത്, 14.35 ലക്ഷം രൂപ!

മാർച്ചിലെ വിലയിൽനിന്ന് 150 ശതമാനത്തിലേറെ വളർച്ചയാണ് ഇതുവരെയുണ്ടായത്. 2008-09 കാലയളവിൽ നിലവിൽ വന്ന ബിറ്റ്‌കോയിൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രിയമായി മാറുകയായിരുന്നു. ഒട്ടേറെ ചെറുപ്പക്കാർ ഇപ്പോൾ ബിറ്റ്‌കോയിനിൽ നിക്ഷേപം നടത്തുന്നുണ്ട്. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതു പോലെ ഇതിൽ വ്യാപാരം നടത്തുന്നവരും ഏറെയാണ്. വിലയിൽ വൻതോതിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങളാണ് ഇവയുടെ പ്രചാരം വർധിപ്പിക്കുന്നത്.

അതേസമയം, ഒരു സാങ്കല്പിക കറൻസി മാത്രമായ ബിറ്റ്‌കോയിനിന്റെ മേൽ നടത്തുന്ന ഇത്തരം ഇടപാടുകൾ നഷ്ടത്തിന് വഴിവയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരിൽ ഒരുകൂട്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയവിക്രയം ചെയ്യുന്ന കറൻസിയാണ് ഇത്. ഗൂഢാക്ഷര ലേഖന വിദ്യയായ ‘ക്രിപ്‌റ്റോ’ ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നതിനാലാണ് ഇതിനെ പൊതുവിൽ ‘ക്രിപ്‌റ്റോ കറൻസി’ എന്നു വിളിക്കുന്നത്. ‘സ്‌റ്റോഷി നകാമോട്ടോ’ എന്ന് സ്വയം വിളിച്ചിരുന്ന അജ്ഞാതനായ ഒരാളാണ് 2008-ൽ ബിറ്റ്‌കോയിൻ എന്ന വെർച്വൽ കറൻസി വികസിപ്പിച്ചത്.

ഇവ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം ഡിജിറ്റൽ കറൻസിയുടെ പേരിൽ ഒട്ടേറെ തട്ടിപ്പുകൾ കേരളത്തിൽ പോലും അരങ്ങേറുന്നുണ്ട്.

Content Highlight: Bitcoin hits a new record, rallying to $19,000