എട്ടുപത്തു മാസത്തെ അധ്വാനം പാഴായിപ്പോകുന്നതു കണ്ട് നെഞ്ചുപിളർന്നു നിൽക്കുകയാണ് നേന്ത്രവാഴ കർഷകർ. കഴിഞ്ഞ ദിവസം കാഞ്ഞൂർ വി.എഫ്.പി.സി.കെ. സ്വാശ്രയ കർഷക വിപണിയിലെ കർഷകർക്ക് നേന്ത്രക്കായയ്ക്ക് കിട്ടിയ വില, കിലോയ്ക്ക് 26 മുതൽ 30 വരെയായിരുന്നു.

അടുത്ത ദിവസം, കാക്കനാട്ടെയും കൊച്ചിയിലെയും കടകളിൽ അന്വേഷിച്ചപ്പോൾ അവർ ഞെട്ടിപ്പോയി. തങ്ങളിൽനിന്നു വാങ്ങിയ കായ അവിടെ വിൽക്കുന്നത് 60 രൂപയ്ക്ക്. കച്ചവടക്കാരും ഇടനിലക്കാരുമാണ് ഇൗ അധിക വില ഈടാക്കുന്നത്. വാഴക്കുളം, മലയാറ്റൂർ, പുത്തൻവേലിക്കര വിപണികളിലും ഇതാണ് സ്ഥിതി.

പ്രളയത്തിനു ശേഷം ഒരേ സമയത്താണ് കർഷകർ കൃഷി തുടങ്ങിയത്. കൃഷിയാരംഭിക്കാൻ വി.എഫ്.പി.സി.കെ. ഒരു വാഴക്കന്നിന് പത്തര രൂപ െവച്ച് സബ്‌സിഡിയും നൽകിയിരുന്നു. ധാരാളം ആളുകൾ കൃഷി ചെയ്തു. ഒരുമിച്ച് കുലകൾ വന്നു. വിപണികളിലെത്തിയ ഇടനിലക്കാരും കച്ചവടക്കാരും ആദ്യം ചെയ്തത് വാഴക്കുലകളുടെ സമൃദ്ധി ചൂണ്ടിക്കാട്ടി വില കുറയ്ക്കുകയായിരുന്നു.

അവർ സംഘം ചേർന്നതോടെ തുച്ഛമായ വിലയ്ക്ക് വിൽക്കുകയല്ലാതെ മറ്റു വഴികളൊന്നും കൃഷിക്കാർക്കുണ്ടായിരുന്നില്ല. നല്ല വില കിട്ടുന്നതുവരെ കാക്കാൻ അവർക്കു കഴിയില്ല. കുല വെട്ടി പുകയേറ്റിയതാണ്. പെട്ടെന്നു പഴുക്കും. പഴുത്തു തുടങ്ങിയാൽ ആരും വാങ്ങില്ല.

മൂന്നാഴ്ച മുമ്പുവരെ 40 രൂപ കൃഷിക്കാർക്ക് കിട്ടിയിരുന്നതാണ്. അപ്പോൾ കടകളിൽ പഴത്തിന് 60 രൂപയാണുണ്ടായിരുന്നത്. ഇപ്പോൾ 26 രൂപ മാത്രം കൃഷിക്കാർക്കു നൽകുമ്പോഴും വിൽക്കുന്നത് 60 രൂപയ്ക്കു തന്നെ.

കഴിഞ്ഞ പ്രളയത്തിൽ വലിയ നഷ്ടമാണ് വാഴക്കൃഷിക്കാർക്ക് ഉണ്ടായത്. നട്ട വാഴകൾ മുഴുവൻ നശിച്ചുപോയി. വളരെക്കുറച്ചാളുകൾ മാത്രമേ ഇൻഷൂർ ചെയ്തിരുന്നുള്ളൂ. നഷ്ടം സഹിച്ചാണ് ഇക്കുറി വീണ്ടും കൃഷിക്കിറങ്ങിയത്. അതിങ്ങനെയുമായി. തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിലെ കായകൾ കേരളത്തിലെത്തിത്തുടങ്ങിയിട്ടില്ല. അതു കൂടിയാകുമ്പോൾ കർഷകരുടെ സ്ഥിതി പരുങ്ങലിലാകും.

ഹോർട്ടികോർപ്പ് വഴി നേന്ത്രക്കായ സംഭരിക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, അവർ തീരുമാനിച്ച വില ഇപ്പോൾ കൃഷിക്കാർക്കു കിട്ടുന്നതിലും കുറവാണ്.