ആസ്റ്റൺ മാർട്ടിൻ എന്ന പേര് ചേർത്തുവായിക്കുന്നത് ‘ജെയിംസ് ബോണ്ട്’ എന്ന വിഖ്യാതചാര്യന്റെ പേരിനൊപ്പമാണ്. എന്നാൽ, ചരിത്രം നോക്കുകയാണെങ്കിൽ ബോണ്ടിനേക്കാളും പാരമ്പര്യപ്പെരുമയുണ്ട് ആസ്റ്റൺ മാർട്ടിന്. ബോണ്ടിന്റെ സാഹസിക യാത്രകൾക്ക് കൂട്ടായെങ്കിലും 107 വർഷത്തെ സുദീർഘ പ്രവർത്തന പാരമ്പര്യമാണ് ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കൾക്കുള്ളത്. കരുത്തേറിയ സെഡാൻ മോഡലുകൾക്ക് പുറമെ എസ്.യു.വി.യിലേക്കുള്ള മാറ്റമായിരുന്നു ‘ഡി.ബി.എക്സ്‌’. അത് ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്.

ഷോറൂമിൽ 3.82 കോടി രൂപ വിലമതിക്കുന്ന ‘ഡി.ബി.എക്സി’ന്റെ 11 യൂണിറ്റാണ് ഇന്ത്യയിൽ വിൽക്കാനായി വരുന്നത്. ബെന്റ്‌ലി ‘ബെന്റൈഗ’, ലംബോർഗിനി ‘ഉറുസ്’, പോർഷെ ‘കയീൻ ടർബോ’, ഔഡി ‘ആർ.എസ്.ക്യു. എയ്റ്റ്’ എന്നിവരാണ് എതിരാളികൾ.

അഞ്ചു വർഷമായി തുടരുന്ന വികസന പദ്ധതിക്കൊടുവിലാണ്‌ ’ഡി.ബി.എക്സ്.’ യാഥാർഥ്യമാവുന്നത്. വരുംവർഷങ്ങളിൽ കമ്പനിയുടെ വാഹന വിൽപ്പനയിൽ പകുതിയും ‘ഡി.ബി.എക്സി’ന്റെ സംഭാവനയാകുമെന്നാണ് പ്രതീക്ഷ. സ്പോർട്സ് കാറുകൾക്കുമപ്പുറം കുടുംബങ്ങളെക്കൂടി തങ്ങളുടെ ആരാധകരാക്കാൻ കഴിയുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രകടനക്ഷമതയ്ക്കും കാഴ്ചപ്പകിട്ടിനുമൊപ്പം ഉപയോഗക്ഷമത കൂടി ‘ഡി.ബി.എക്സി’ൽ ഒത്തുചേരുന്നുണ്ട്.

മെഴ്സിഡസ് ബെൻസ് ‘എ.എം.ജി.’യിൽ നിന്നുള്ള നാല്‌ ലീറ്റർ, ഇരട്ട ടർബോ വി എട്ട് എൻജിനാണ് ‘ഡി. ബി.എക്സി’ന്‌ കരുത്തേകുന്നത്. 550 പി.എസ്. വരെ കരുത്തും 700 എൻ.എമ്മോളം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. ഇന്ധനക്ഷമത മെച്ചപ്പെടുത്താനായി വേഗം കുറയുമ്പോൾ സിലിൻഡറുകളുടെ പ്രവർത്തനം നിർത്തുന്ന സിലിൻഡർ ഡീ ആക്ടിവേഷൻ സാങ്കേതിക വിദ്യയുമുണ്ടാകും. വേഗസൂചി 100 തൊടാൻ 4.5 സെക്കൻഡ്‌ മതി. ‘ഡി.ബി.എക്സി’ന്റെ പരമാവധി വേഗം മണിക്കൂറിൽ 291 കിലോമീറ്ററാണ്.

ഒൻപത്‌ സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സും ആക്ടീവ് ഇലക്‌ട്രോണിക് ഡിഫറൻഷ്യൽ സഹിതം ഓൾ വീൽ ഡ്രൈവ് സിസ്റ്റവുമുണ്ട്. എൻജിൻ സൃഷ്ടിക്കുന്ന ടോർക് മുൻ വീലിലേക്കും പിൻവീലിലേക്കും യഥേഷ്ടം തിരിച്ചുവിടാം.

10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, 360 ഡിഗ്രി ക്യാമറ, രണ്ടു മേഖലയിലായി 64 നിറങ്ങളിൽ ആംബിയന്റ് ലൈറ്റിങ്, പനോരമിക് സൺറൂഫ്, ഹീറ്റഡ് സീറ്റുകൾ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, 800 വാട്ട് 14 സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയാണ് അകത്തളത്തിലുള്ളത്.

ഫുൾസൈസ് എസ്.യു.വി.യായാണ് ആസ്റ്റൻ മാർട്ടിൻ ‘ഡി.ബി.എക്സി’നെ ഒരുക്കിയിരിക്കുന്നത്. 5039 എം.എം. നീളവും 1998 എം.എം. വീതിയും 1680 എം.എം. ഉയരവും 3060 എം.എം. വീൽബേസും 190 എം.എം. ഗ്രൗണ്ട് ക്ലിയറൻസുമാണ് ഈ വാഹനത്തിനുള്ളത്. മുഖം പൂർണമായും പൊതിയുന്ന ഡി.ബി. ഗ്രില്ല്, ബോണറ്റിലേക്ക് ഉൾവലിഞ്ഞിരിക്കുന്ന പ്രത്യേകം രൂപകല്പന ചെയ്ത ഹെഡ്‌ ലാമ്പ്, സ്പോർട്സ് വാഹനങ്ങളോട് കിടപിടിക്കുന്ന ബംബർ, ഫോഗ്‌ ലാമ്പിന് ചുറ്റും നൽകിയിട്ടുള്ള ഡി.ആർ.എൽ, പവർ ലൈനുകൾ നൽകി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ബോണറ്റ്, 22 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകൾ എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ മോടിപിടിപ്പിച്ചിരിക്കുന്നത്.