കാലിഫോര്‍ണിയ: ലോകത്തിലെ മുന്‍നിര ടെക്‌നോളജി കമ്പനിയായ യാഹുവിനെ ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലിന്റെ മാതൃകമ്പനി രംഗത്ത്. പ്രൈവറ്റ് ഇക്വിറ്റി കമ്പനികളുമായി ചേര്‍ന്ന് യാഹുവിനെ ഏറ്റെടുക്കാനാണ് ഡെയ്‌ലി മെയിലിന്റെ ശ്രമം.

ഡിജിറ്റല്‍ മീഡിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് യാഹുവിനെ ഏറ്റെടുക്കാന്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ഡെയ്‌ലി മെയില്‍ ശ്രമിക്കുന്നത്. ടാബ്ലോയ്ഡ് സ്വഭാവമുള്ള ഡെയ്‌ലി മെയില്‍ ഡോട്ട് കോം, മെയില്‍ ഓണ്‍ലൈന്‍ എന്നീ വെബ് സൈറ്റുകള്‍ വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. ഈ വിജയം യാഹുവിന്റെ കാര്യത്തിലും ആവര്‍ത്തിക്കാനാകുമെന്നാണ് ഡെയ്‌ലി മെയിലിന്റെ പ്രതീക്ഷ. സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും പുറമെ, സേര്‍ച്ച്, ഇ-മെയില്‍ സേവനങ്ങളും യാഹു ഒരുക്കുന്നുണ്ട്.

അമേരിക്കന്‍ ടെലി കമ്യൂണിക്കേഷന്‍സ് കമ്പനിയായ വെറൈസണ്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ യാഹുവിനെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് സൂചന. അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ സേര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിളും ലേലത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. യാഹുവിനെ ഏറ്റെടുക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ഏപ്രില്‍ 11 ആയിരുന്നു. ഇത് പിന്നീട് 18-ലേക്ക് നീട്ടി. ഏറ്റവും ഉയര്‍ന്ന വില നല്‍കുന്ന കൂട്ടര്‍ക്കാവും ഓഹരികള്‍ കൈമാറുക. യാഹുവിന് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയിലുള്ള ഓഹരികളുടെ മൂല്യം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. യാഹുവിനെ ഏറ്റെടുക്കാന്‍ വരുന്നവര്‍ക്ക് ഇത് കൈമാറില്ല. യാഹുവിന്റെ ജപ്പാന്‍ വിഭാഗവും കൈമാറാതെ നിലനിര്‍ത്തും.

പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് യാഹുവിന്റെ മുഖ്യ ബിസിനസ്സുകള്‍ വില്‍ക്കാനൊരുങ്ങുന്നത്. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഗൂഗിളിന്റെ തലപ്പത്തുണ്ടായിരുന്ന മരിസ മെയര്‍ 2012-ല്‍ എത്തിയതാണെങ്കിലും കാര്യമായ ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ല.