കൊച്ചി: പച്ചക്കറിയിൽ തുടങ്ങി മാസ്ക്, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് വരെ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുവിമുക്തമാക്കാനുള്ള ഉപകരണം കൊച്ചിയിലെ മേക്കർവില്ലേജ് വികസിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ മാസ്റ്റർ പ്ലാൻ ഇനിഷ്യേറ്റീവുമായി സഹകരിച്ച് ദേവാദി ടെക് എന്ന കമ്പനിയാണ് ‘ലുമോസ്’ എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.

സാർസ്, എച്ച്് വൺ എൻ വൺ, ഫ്ളൂ തുടങ്ങിയ ബാക്ടീരിയ, വൈറസ് ബാധിതമായ എല്ലാ വസ്തുക്കളെയും ലുമോസ് അണുവിമുക്തമാക്കും. താരതമ്യേന കുറവ് ശക്തിയുള്ള രോഗഹേതുക്കളായ പൂപ്പൽ, ബാക്ടീരിയ എന്നിവയെയും ഇത് നശിപ്പിക്കും.

കൂടാതെ ആരോഗ്യ പ്രവർത്തകരുടെ മൊബൈൽ ഫോൺ, വാച്ചുകൾ, കണ്ണട, സ്റ്റെതസ്‌കോപ്പ്, എൻ95 മാസ്ക് തുടങ്ങിയവ വളരെ പെെട്ടന്ന് ലുമോസ് ഉപയോഗിച്ച് അണുവിമുക്തമാക്കാം.

കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് നിലവിൽ നിരവധി ലുമോസ് യൂണിറ്റുകൾ ദേവാദി ടെക് ഇതിനകം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ മാസ്റ്റർപ്ലാൻ ഇനിഷ്യേറ്റീവ് പ്രകാരം കോവിഡ് ഏറ്റവുമധികം ബാധിച്ച മാലി, ഇക്വഡോർ, സിംബാബ്‌വേ, ഘാന, ഹെയ്തി എന്നീ രാജ്യങ്ങളിലേക്കും ലുമോസ് കയറ്റി അയയ്ക്കുമെന്ന് ദേവാദി ടെക്കിന്റെ ഡയറക്ടർ സുമിത് സി. മോഹൻ പറഞ്ഞു.