കയറ്റുമതി 2018 മാര്‍ച്ചോടെ 5.5 ലക്ഷം ടണ്‍ കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

വനാമി ഇനത്തിലുള്ള ചെമ്മീനിനാണ് ഡിമാന്‍ഡ്
കൊച്ചി:
ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനിന് ആഗോള വിപണിയില്‍ പ്രിയമേറുന്നു. ഇതിന്റെ ഫലമായി 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതി 5.5 ലക്ഷം ടണ്‍ കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതു റെക്കോഡായിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.3 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. ഏതാണ്ട് 30 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്.

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ വിപണികളില്‍ നിന്ന് ഡിമാന്‍ഡ് കൂടുന്നുണ്ട്. ഇതിനു പുറമെ, ചൈന പോലുള്ള വിപണികളില്‍ നിന്ന് ഇത്തവണ കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചിരിക്കുകയാണ്. ശീതീകരിച്ച ചെമ്മീന്‍ ഇനത്തിന് ഇപ്പോള്‍ നല്ല വിപണിയുണ്ട്. വിയറ്റ്‌നാമില്‍ ഉത്പാദനം കുറഞ്ഞതും ഇന്ത്യക്ക് നേട്ടമായി.

ലോകത്തിലെ ഏറ്റവും വലിയ ചെമ്മീന്‍ കയറ്റുമതി രാജ്യം എന്ന സ്ഥാനം കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യ നേടിയിരുന്നു. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതിനിടെ, ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നുള്ള ഇന്ത്യയുടെ വരുമാനം 2022-ഓടെ 700 കോടി ഡോളര്‍ (ഏതാണ്ട് 45,000 കോടി രൂപ) ആകുമെന്ന് ക്രിസിലിന്റെ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. നിലവില്‍ ഇത് 380 കോടി ഡോളര്‍ മാത്രമാണ്. അതായത്, ഏതാണ്ട് 24,500 കോടി രൂപ. വനാമി ഇനത്തിലുള്ള ചെമ്മീന്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കാണ് ഇതിന്റെ നേട്ടം ഏറ്റവുമധികം ലഭിക്കുക. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളിലാണ് വനാമി ചെമ്മീന്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത്.

അതിനിടെ, ഡിമാന്‍ഡിന് അനുസരിച്ച് ചെമ്മീന്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സമുദ്രോത്പന്ന കയറ്റുമതി രംഗത്തുള്ളവര്‍ പറയുന്നു. ആന്ധ്രയിലും ഒഡിഷയിലും ഇത്തവണ ഉത്പാദനം കുറവാണെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ മുന്‍ ദേശീയ പ്രസിഡന്റ് അന്‍വര്‍ ഹാഷിം പറഞ്ഞു.