ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കയറ്റുമതി െചയ്തത് 2.51 ലക്ഷം ടണ്‍ സമുദ്രോത്പന്നം
കൊച്ചി:
സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയില്‍ വര്‍ധന. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 9,066 കോടി രൂപയുടെ മൂല്യമുള്ള 2,51,735 ടണ്‍ സമുദ്രോത്പന്നമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 2,01,223 ടണ്ണായിരുന്നു. 50,512 ടണ്ണിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്.

അമേരിക്കയും തെക്കുകിഴക്കന്‍ ഏഷ്യയുമാണ് ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം സമുദ്രോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നിവിടങ്ങളിലും മികച്ച ആവശ്യക്കാരുണ്ട്. ചൈനയിലേക്കുള്ള കയറ്റുമതിയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി.

കയറ്റുമതിയുടെ 50.66 ശതമാനവും ചെമ്മീനാണ്. കയറ്റുമതിയില്‍നിന്ന് ആകെ ലഭിച്ച ഡോളര്‍ മൂല്യത്തില്‍ 74.90 ശതമാനവും ഈ ഉത്പന്നത്തില്‍ നിന്നാണ്. ചെമ്മീനിന്റെ അളവില്‍ 20.87 ശതമാനവും മൂല്യത്തില്‍ 21.64 ശതമാനവും വളര്‍ച്ചയുണ്ട്.

വിളവു കൂടിയതും യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ ഗുണമേന്മ അംഗീകരിച്ചതുമാണ് ഈ നേട്ടത്തിനു കാരണമെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ.) ചെയര്‍മാന്‍ ഡോ. എ. ജയതിലക് അഭിപ്രായപ്പെട്ടു. ശീതീകരിച്ച കൂന്തളിനാണ് കയറ്റുമതിയില്‍ രണ്ടാം സ്ഥാനം.

കഴിഞ്ഞ പാദത്തില്‍ 54,344 ടണ്‍ സമുദ്രോത്പന്നമാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. അമേരിക്കയിലേക്കുള്ള കയറ്റുമതി, അളവില്‍ 39.56 ശതമാനവും രൂപയുടെ മൂല്യത്തില്‍ 33.66 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 38.93 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

ശീതീകരിച്ച ചെമ്മീനിന്റെ ആകെ കയറ്റുമതി 1,27,521 ടണ്ണാണ്. വനാമി ചെമ്മീനിന്റെ കയറ്റുമതി 82,193 ടണ്ണില്‍നിന്ന് 92,341 ടണ്ണായി ഉയര്‍ന്നു. 12.35 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. വനാമി കയറ്റുമതിയുടെ 51 ശതമാനവും അമേരിക്കയിലേക്കാണ്. കാരച്ചെമ്മീനിന്റെ കയറ്റുമതി മുഖ്യമായും ജപ്പാനിലേക്കായിരുന്നു. കയറ്റുമതി മൂല്യത്തില്‍ 49.12 ശതമാനം ജപ്പാനിലേക്കാണ്.

കയറ്റുമതിയില്‍ നേട്ടമുണ്ടാക്കിയ തുറമുഖം വിശാഖപട്ടണമാണ്. 43,315 ടണ്ണാണ് വിശാഖപട്ടണത്തു നിന്ന് കയറ്റുമതി ചെയ്തത്. കൊച്ചിയില്‍ നിന്ന് 1,027.39 കോടി രൂപയ്ക്കുള്ള 29,630 ടണ്‍ സമുദ്രോത്പന്നവും.