റിയാദ്/കൊച്ചി: എണ്ണ ഭീമനായ സൗദി അരാംകോയ്ക്ക് ആദ്യ ദിവസം ഓഹരി വിപണിയിലും മിന്നുന്ന പ്രകടനം. ഓഹരി വിപണിയിലേക്ക് പ്രവേശിച്ച ബുധനാഴ്ച കമ്പനിയുടെ ഓഹരി വില 10 ശതമാനമാണ് വർധിച്ചത്.

പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യിൽ ഓഹരിയൊന്നിന് 32 സൗദി റിയാലിനാണ് കമ്പനി അലോട്ട് ചെയ്തത്. ഓഹരി വില 10 ശതമാനം വർധിച്ച് 35.2 റിയാൽ എത്തിയതോടെ സ്റ്റോക് എക്സ്‌ചേഞ്ചിൽ വ്യാപാരം നിർത്തിെവച്ചു.

ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി അരാംകോ മാറി. നിലവിലെ ഓഹരി വില അനുസരിച്ച് കമ്പനിക്ക് 1.88 ലക്ഷം ഡോളർ മൂല്യമാണുള്ളത്. അതായത്, 133 ലക്ഷം കോടി രൂപ.

ഓഹരികൾ ലിസ്റ്റ് ചെയ്ത സൗദി തദാവുൾ സ്റ്റോക് എക്സ്‌ചേഞ്ചിൽ ഒരു ദിവസം ഓഹരി വില വ്യതിയാനം 10 ശതമാനമായി നിയന്ത്രിച്ചിട്ടുണ്ട്. അതിനാലാണ് വ്യാപാരം നിർത്തിവയ്ക്കേണ്ടി വന്നത്.

കഴിഞ്ഞയാഴ്ചയാണ് കമ്പനി ലോകത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയിലൂടെ 25,600 കോടി ഡോളർ സമാഹരിച്ചത്.

വമ്പൻമാർ ഇവർ

(ലോകത്തിലെ ഏറ്റവുമധികം വിപണിമൂല്യമുള്ള കമ്പനികൾ)

കമ്പനി വിപണി മൂല്യം (ഡോളറിൽ) രൂപയിൽ

സൗദി അരാംകോ 1.88 ലക്ഷം കോടി ഡോളർ 133.10 ലക്ഷം കോടി രൂപ

ആപ്പിൾ 1.19 ലക്ഷം കോടി ഡോളർ 84.25 ലക്ഷം കോടി രൂപ

മൈക്രോസോഫ്റ്റ് 1.15 ലക്ഷം കോടി ഡോളർ 81.42 ലക്ഷം കോടി രൂപ

ആൽഫബെറ്റ് (ഗൂഗിൾ) 92,637 കോടി ഡോളർ 65.58 ലക്ഷം കോടി രൂപ

ആമസോൺ 86,230 കോടി ഡോളർ 61.05 ലക്ഷം കോടി രൂപ

Content Highlights: Aramco is worth Rs 133 lakh crore