കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ‘മഹീന്ദ്ര ആൻഡ് മഹീന്ദ്ര’യുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര കൊച്ചി സന്ദർശിച്ച് മടങ്ങി. ഗ്രൂപ്പിനു കീഴിലുള്ള വിവിധ കമ്പനിമേധാവികളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. ‘മഹീന്ദ്ര ബ്ലൂ ചിപ്പ് കോൺഫറൻസ്’ എന്ന പേരിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം ബുധനാഴ്ച തുടങ്ങി ശനിയാഴ്ചയാണ് സമാപിച്ചത്.

സമ്മേളനത്തിൽ ഗ്രൂപ്പിനുള്ളിലെ സി.ഇ.ഒ.മാരെയും വകുപ്പ് തലവന്മാരെയും ആനന്ദ് മഹീന്ദ്ര അഭിസംബോധന ചെയ്തു. എല്ലാ വർഷവും വിദേശരാജ്യങ്ങൾ വച്ചാണ് ബ്ലൂ ചിപ്പ് കോൺഫറൻസ് സാധാരണ നടക്കാറുള്ളത്. കഴിഞ്ഞവർഷം കോവിഡ് മഹാമാരി കാരണം സമ്മേളനം നടന്നിരുന്നില്ല. ഗ്രൂപ്പിനു കീഴിലുള്ള വിവിധ കമ്പനികളുടെ പ്രകടനം വിലയിരുത്തുകയും അടുത്ത വർഷത്തേക്കുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നതാണ് സമ്മേളനം.

കൊച്ചിയിൽ നിന്നുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്ത ആനന്ദ് മഹീന്ദ്ര, കൊച്ചി വിമാനത്താവളത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള സന്ദേശവും ട്വിറ്ററിൽ പങ്കുവച്ചു. പ്രാദേശിക വാസ്തുശൈലിയിൽ രൂപകല്പന ചെയ്തിരിക്കുന്ന കൊച്ചി വിമാനത്താവളം കാര്യക്ഷമവും വൃത്തിയും ഒതുക്കവുമുള്ളതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്തെ ആദ്യ സ്വകാര്യ വിമാനത്താവളം, ലോകത്തിലെ ആദ്യ സൗരോർജ വിമാനത്താവളം എന്നീ വിശേഷങ്ങളുള്ള ഇത് എല്ലാ വിമാനത്താവളങ്ങൾക്കും മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘എമ്പ്രയർ ലെഗസി 650’ ഇനത്തിൽപ്പെട്ട സ്വകാര്യ ചാർട്ടേഡ്‌ വിമാനത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് ആനന്ദ് മഹീന്ദ്ര മുംബൈയിലേക്ക് മടങ്ങിയത്.