നെടുമ്പാശ്ശേരി: ചെലവു കുറഞ്ഞ വിമാന സർവീസായ എയർ ഇന്ത്യ എക്സ്‌പ്രസ് തുടർച്ചയായി നാലാം വർഷവും ലാഭത്തിൽ. ചൊവ്വാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം അംഗീകരിച്ച കണക്ക് പ്രകാരം 2018-19 വർഷം എയർ ഇന്ത്യ എക്സ്‌പ്രസിന്റെ അറ്റാദായം 169 കോടി രൂപയാണ്. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കുതിപ്പുണ്ടായി.

മൊത്ത വരുമാനം 16.07 ശതമാനം കൂടി. കഴിഞ്ഞ സാമ്പത്തിക വർഷം 4,202 കോടി രൂപയാണ് മൊത്ത വരുമാനം. മുൻ വർഷം 3,612 കോടി രൂപയായിരുന്നു ഇത്. ഇക്കുറി വരുമാനത്തിൽ ഉയർച്ചയുണ്ടായെങ്കിലും അറ്റാദായം കുറഞ്ഞു. 2017-18 വർഷം 262 കോടി രൂപയായിരുന്നു അറ്റാദായം.

യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനം വർധനയുണ്ടായിട്ടുണ്ട്. 43.6 ലക്ഷം യാത്രക്കാരാണ് പോയ വർഷം എയർ ഇന്ത്യ എക്സ്‌പ്രസിൽ പറന്നത്. വിമാനങ്ങൾ ദിവസവും 13.3 മണിക്കൂർ ഉപയോഗിക്കാനായി എന്നതും നേട്ടമായെന്ന് സി.ഇ.ഒ. കെ. ശ്യാംസുന്ദർ പറഞ്ഞു. രണ്ട് വിമാനങ്ങൾ കൂടുതലായി എത്തിയതും മൂന്ന് സർവീസുകൾ പുതുതായി തുടങ്ങിയതും വരുമാനം കൂടാൻ കാരണമായി.

എയർ ഇന്ത്യ എക്സ്‌പ്രസിന് നിലവിൽ 13 അന്താരാഷ്ട്ര സർവീസുകളും 20 ആഭ്യന്തര സർവീസുകളുമാണുള്ളത്. ഇന്ത്യൻ വിമാനക്കമ്പനികൾ പലതും നഷ്ടത്തിൽ പറക്കുമ്പോഴാണ് ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്‌പ്രസ് തുടർച്ചയായി നാലാം വർഷവും ലാഭമുണ്ടാക്കിയത്.

മുൻ വർഷത്തെക്കാൾ പ്രവർത്തനച്ചെലവ് കൂടിയതിനാലാണ് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ലാഭം ഇക്കുറി കുറഞ്ഞത്. 25 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്‌പ്രസിന് ആകെയുള്ളത്. ഈ വിമാനങ്ങൾ ഉപയോഗിച്ച് പരമാവധി സർവീസ് നടത്തി നേട്ടമുണ്ടാക്കുകയായിരുന്നു. കേരളത്തിൽനിന്നുള്ള ഗൾഫ് സർവീസാണ് എയർ ഇന്ത്യ എക്സ്‌പ്രസിന് കൂടുതൽ വരുമാനം നേടിക്കൊടുക്കുന്നത്.

Content Highlights: Air India Express