ഹൈദരാബാദ്: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്കായി അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ബിഡ് ക്ഷണിക്കും. ഹൈദരാബാദില്‍ നടക്കുന്ന എയര്‍ഷോയ്ക്കിടെ കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ചൗബേ അറിയിച്ചതാണ് ഇക്കാര്യം. ഓഹരി വില്‍പ്പന നടപടികള്‍ക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് താത്പര്യപത്രം ക്ഷണിക്കാനൊരുങ്ങുന്നത്.

52,000 കോടി രൂപയുടെ കടബാധ്യതയില്‍ പെട്ട് ഉലയുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടികളാണ് ചെലവഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓഹരി വിറ്റഴിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ മന്ത്രിസഭ അനുമതി നല്‍കിയത്. 2007-നു ശേഷം ഇതുവരെ ലാഭമുണ്ടാക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.

ടാറ്റ ഗ്രൂപ്പ്, ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയുടെ ഉടമകളായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവ എയര്‍ ഇന്ത്യയുടെ ബിസിനസുകള്‍ ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. തുര്‍ക്കി ആസ്ഥാനമായ സെലിബി ഏവിയേഷന്‍ ഹോള്‍ഡിങ്‌സും ഏറ്റെടുക്കലിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ കേന്ദ്രസര്‍ക്കാര്‍ ഈയിടെ 49 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. എയര്‍ ഇന്ത്യക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. ഇതോടെ, വിദേശ കമ്പനികള്‍ക്കും എയര്‍ ഇന്ത്യയില്‍ 49 ശതമാനം വരെ ഓഹരി പങ്കാളിത്തം ആകാം.

ധനമന്ത്രി ഉള്‍പ്പെടുന്ന മന്ത്രിതല സമിതിക്കാണ് ഓഹരി വിറ്റഴിക്കലിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ.), റോത്സ് ചൈല്‍ഡ് എന്നിവയാണ് കണ്‍സള്‍ട്ടന്റുമാര്‍.

എയര്‍ ഇന്ത്യക്ക് മൊത്തം ആറ് അനുബന്ധ കമ്പനികളാണ് ഉള്ളത്. ഇതില്‍ മൂന്നെണ്ണം നഷ്ടത്തിലാണ്. ആറെണ്ണത്തിന്റെയും കൂടി ആസ്തി 460 കോടി ഡോളര്‍ വരും. 124 കോടി രൂപ റിയല്‍ എസ്റ്റേറ്റ് മൂല്യമാണ്. ഇതില്‍ രണ്ട് ഹോട്ടലുകളും ഉള്‍പ്പെടുന്നു.