കോഴിക്കോട്: മേയ്‌ത്ര ആശുപത്രിയിൽ ഹാർട്ട്ഫെയ്‌ലിയർ കൈകാര്യംചെയ്യാൻ മാത്രമായി പ്രത്യേക യൂണിറ്റ് ആരംഭിച്ചു. ലോകഹൃദയദിനമായ ബുധനാഴ്ച ഇതിനു മാത്രമായി ഒരു മൊബൈൽ ആപ്ലിക്കേഷൻ ‘ഹൃദയമിത്രം’ എന്ന പേരിൽ ആശുപത്രി പുറത്തിറക്കി.

വിദഗ്ധ കാർഡിയോളജിസ്റ്റുകൾ, ഹാർട്ട് ഫെയ്‌ലിയർ ഐ.സി.യു., പ്രത്യേക പരിശീലനം സിദ്ധിച്ച നഴ്‌സുമാർ, സാങ്കേതിക ജീവനക്കാർ എന്നിവരടങ്ങുന്നതാണ് യൂണിറ്റ്. ആപ്പ് വഴി ഡോക്ടറെ ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും. ഐ.ഒ.എസിലും ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലും ആപ്പ് ലഭിക്കും.

ഹാർട്ട്‌ഫെയ്‌ലിയർ സംഭവിക്കുന്നവരുടെ എണ്ണം രാജ്യത്ത് 1.3 മുതൽ 4.6 ദശലക്ഷം വരെയാണെന്നും ഹൃദയമിടിപ്പ് നിലയ്ക്കുന്നതിന് മുമ്പുതന്നെ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നതിനെക്കുറിച്ച് മാർഗനിർദേശം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. സാജിദ് യൂനുസ് പറഞ്ഞു. ഹാർട്ട്‌ഫെയ്‌ലിയർ പെട്ടെന്ന് സംഭവിക്കുന്ന ഒന്നുമാത്രമല്ലെന്നും ആവശ്യമായ ചികിത്സ യഥാസമയം ലഭിച്ചില്ലെങ്കിൽ അപകടരമായ അവസ്ഥയിലേക്കെത്തുമെന്നും കാർഡിയോളജി വിഭാഗം ചെയർമാൻ ഡോ. ആശിഷ് കുമാർ മണ്ഡലെ പറഞ്ഞു.

ആശുപത്രി ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ഡയറക്ടറും കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റുമായ ഡോ. അലി ഫൈസൽ, സീനിയർ കൺസൽട്ടന്റുമാരായ ഡോ. ജയേഷ് ഭാസ്‌കരൻ, ഡോ. അനീസ് താജുദ്ദീൻ, കാർഡിയോ തൊറാസിക് സർജറി വിഭാഗം ചെയർമാൻ ഡോ. മുരളി പി. വെട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.

ഹാർട്ട് ഫെയ്‌ലിയർ ഒ.പി. എല്ലാ ദിവസവും രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ പ്രവർത്തിക്കും.