കൊച്ചി: ജി.എസ്.ടി.ക്കു മുൻപുള്ള നികുതി (വാറ്റ്) കുടിശ്ശിക തീർപ്പാക്കുന്നതിന് നടപ്പാക്കിയ ആംനെസ്റ്റി സ്കീമിൽ അപേക്ഷിക്കാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. നിരവധി വ്യാപാരികൾ സ്കീം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ധാരാളം പേർക്ക് നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം സ്കീമിൽ അപേക്ഷിക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യം പരിഗണിച്ച് അടുത്ത വർഷം മാർച്ച് 31 വരെയെങ്കിലും സ്കീമിൽ അപേക്ഷിക്കാൻ സമയം നൽകണമെന്നാണ് വ്യാപാരികൾ പറയുന്നത്.

കേരള മൂല്യവർധിത നികുതി, കേന്ദ്ര വില്പന നികുതി, കാർഷികാദായ നികുതി, പൊതുവില്പന നികുതി, ആഡംബര നികുതി, സർചാർജ് തുടങ്ങിയ വാറ്റ് കാലഘട്ടത്തിലെ കുടിശ്ശികകൾ തീർപ്പാക്കാനാണ് സ്കീം പ്രഖ്യാപിച്ചത്. പൊതുവില്പന നികുതിക്കൊഴികെ പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. പൊതുവില്പന നികുതി നിയമപ്രകാരം 2005-നു ശേഷമുള്ള കുടിശ്ശികയ്ക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു.

കുടിശ്ശിക ഒരുമിച്ച് തീർക്കുന്നവർക്ക് കുടിശ്ശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവർക്ക് 30 ശതമാനവും ഇളവ് ലഭിക്കും. കോടതികളിൽ വകുപ്പുതല അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും ആംനെസ്റ്റി ബാധകമാണ്.

വ്യാപാരികളുടെ കുടിശ്ശിക വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ആംനെസ്റ്റി സ്കീമിൽ അപേക്ഷിക്കുന്നതിന് സംസ്ഥാന ചരക്ക്‌ സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralataxes.gov.in സന്ദർശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ എടുക്കണം. കുടിശ്ശികകൾ വാർഷികാടിസ്ഥാനത്തിൽ കണക്കാക്കി ഓരോ വർഷത്തേക്കും പ്രത്യേകം അപേക്ഷിക്കാം. ആവശ്യമുള്ള തിരുത്തലുകൾ വരുത്താനും സൗകര്യമുണ്ട്. ആംനെസ്റ്റി പദ്ധതി തിരഞ്ഞെടുക്കാത്ത വ്യാപാരികൾക്കെതിരേയുള്ള റവന്യു റിക്കവറി നടപടികൾ ഉടൻ ആരംഭിക്കുമെന്നും സംസ്ഥാന ചരക്ക്‌ സേവന നികുതി വകുപ്പ് അറിയിച്ചു.

ജി.എസ്.ടി. 3ബി റിട്ടേണിലെ ലേറ്റ് ഫീ ഇളവുകളും ഇന്ന് അവസാനിക്കും

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ജി.എസ്.ടി.-3ബി റിട്ടേൺ കുടിശ്ശികകൾക്ക് ഏർപ്പെടുത്തിയ ലേറ്റ് ഫീ ഇളവുകളും ചൊവ്വാഴ്ച അവസാനിക്കും. 2017 ജൂലായ് മുതൽ 2021 ഏപ്രിൽ വരെയുള്ള കാലയളവിലെ ജി.എസ്.ടി.-3ബി റിട്ടേൺ കുടിശ്ശികകൾക്കാണ് ലേറ്റ് ഫീ ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്. നവംബർ 30 വരെ റിട്ടേൺ കുടിശ്ശിക തീർക്കുന്നവർക്കാണ് ഈ ഇളവുകൾ ബാധകം. ഇവർക്ക് പരമാവധി 1,000 രൂപയായിരിക്കും ലേറ്റ് ഫീ. ഈ കാലയളവിൽ നിൽ റിട്ടേൺ സമർപ്പിച്ച നികുതിദായകരിൽനിന്ന് ലേറ്റ് ഫീയായി പ്രതിമാസം പരമാവധി 500 രൂപ മാത്രമാണ് ഈടാക്കുന്നത്.