കൊച്ചി: നടപ്പുവർഷം രണ്ടാം പാദത്തിൽ സ്വർണത്തിലേക്കുള്ള ഉപഭോക്തൃ നിക്ഷേപം വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ ‘ഗോൾഡ് ഡിമാൻഡ് ട്രെൻഡ്‌സ്’ റിപ്പോർട്ട്. ആദ്യ പാദത്തെ അപേക്ഷിച്ച് നിക്ഷേപത്തിൽ ഒൻപത് ശതമാനം വർധനയാണ് ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. 955.1 ടൺ സ്വർണ ആവശ്യകത ഇക്കാലയളവിൽ രേഖപ്പെടുത്തി. 2020 ജൂൺ പാദത്തിൽ 960.5 ടൺ ആയിരുന്നു സ്വർണ ആവശ്യകത.

ഏപ്രിൽ-ജൂൺ പാദത്തിൽ ഗോൾഡ് ഇ.ടി.എഫുകളിലേക്ക് 40.7 ടൺ നിക്ഷേപമാണ് എത്തിയത്. ഈ വർഷം സ്വർണാഭരണങ്ങളുടെ ഉപഭോക്തൃ ആവശ്യകത 1,600-1,800 ടൺ ഉണ്ടാകുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൂട്ടുന്നത്. ഇത് 2020-ലെ കണക്കുകളെക്കാൾ വളരെ ഉയർന്നതാണെങ്കിലും അഞ്ചുവർഷ ശരാശരിയെക്കാൾ താഴ്ന്ന നിലയിലായിരിക്കും. സ്വർണ ഇ.ടി.എഫുകൾ 2020-ലെ റെക്കോഡ്‌ പ്രകടനം ആവർത്തിക്കില്ലെന്നാണ് കരുതുന്നതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.