ജാപ്പനീസ് ഇരുചക്ര ബ്രാൻഡായ കാവാസാക്കി മോട്ടോർ ഇന്ത്യ 2022 നിഞ്ച 1000എസ്.എക്സ്. വിപണിയിൽ അവതരിപ്പിച്ചു. 11.40 ലക്ഷം രൂപ മുതലാണ് പുത്തൻ നിഞ്ചയുടെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും.

എമറാൾഡ് ബ്ലേസ്ഡ് ഗ്രീൻ, മെറ്റാലിക് മാറ്റ് ഗ്രാഫെനെസ്റ്റീൽ രേഗ എന്നീ നിറങ്ങളിലാണ് കാവാസാക്കി നിഞ്ചയുടെ പരിഷ്കരിച്ച പതിപ്പ് എത്തുന്നത്. ബോഡി പാനലിൽ നൽകിയിട്ടുള്ള പുതിയ ഗ്രാഫിക്സും മറ്റും മൊത്തത്തിൽ പുതിയ നിഞ്ചയുടെ സ്പോർട്ടി ലുക്ക് പരിപൂർണമാക്കുന്നുണ്ട്.

1,043 സി.സി. ലിക്വിഡ് കൂൾഡ് ഫോർ സ്ട്രോക്, ഇൻലൈൻ ഫോർ സിലിൻഡർ എൻജിനാണ് വാഹനത്തിലുള്ളത്. 10,000 ആർ.പി.എമ്മിൽ പരമാവധി 140 എച്ച്.പി. പവറും 8,000 ആർ.പി.എമ്മിൽ പരമാവധി 111 എൻ.എം. ടോർക്കും ഇത് ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാന്വൽ ഗിയർ ബോക്സുമായി എൻജിൻ ജോഡിയാക്കിയിരിക്കുന്നു.

4.3 ഇഞ്ച് ടി.എഫ്.ടി. കളർ ഡിസ്‌പ്ലേയാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ. ക്വിക് ഷിഫ്റ്റർ, ക്രൂസ് കൺട്രോൺ, ട്രാക്ഷൻ കൺട്രോൾ, രണ്ട് പവർ മോഡുകൾ, നാല് റൈഡിങ് മോഡ് (സ്പോർട്ട്, റോഡ്, റെയ്ൻ, റൈഡർ) എന്നിവയാണ് മറ്റ് സവിശേഷതകൾ.