കഴിഞ്ഞ വാരം നിഫ്റ്റിയിൽ 17,888 എന്ന നിലവാരമാണ്‌ ഉയർന്ന തലത്തിൽ മുന്നോട്ടുള്ള നീക്കത്തിന്‌ ആദ്യ പ്രതിബന്ധമായി കണ്ടിരുന്നത്. 17,613-നു താഴെ തകർച്ച തുടരാനുള്ള സാധ്യതയും പിന്നീട് 17,350 - 17,058 നിലവാരങ്ങളുടെ ബലപരീക്ഷണവും അതിനും താഴേക്ക് കൂടുതൽ തകർച്ചയ്ക്കുള്ള സാധ്യതയുമാണ് മുന്നിൽ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച തുടക്കത്തിൽത്തന്നെ എത്തിയ 17,805 തന്നെയായിരുന്നു ഏറ്റവും ഉയർന്ന നിലവാരം. പിന്നീട് ബെയറുകളുടെ തേരോട്ടത്തിനു മുന്നിൽ ബുള്ളുകളുടെ പ്രതീക്ഷകൾ കൊട്ടിയടയ്ക്കപ്പെടുകയായിരുന്നു. ആഴ്ച അവസാനം 16,985 വരെ എത്തി 17,026 നിലവാരത്തിൽ ആയിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇനി മുന്നോട്ടുള്ള സാധ്യതകൾ പരിശോധിക്കാം.

18,600-ൽ നിന്നും തുടങ്ങിയ കറക്ഷൻ തുടരുക തന്നെയാണ്‌. 18,500-ൽ നിന്നുതന്നെ ഈയൊരു കറക്ഷനുള്ള വ്യക്തമായ സൂചനകൾ വിപണി കാണിക്കുകയും ഉണ്ടായി. ഈ ഒരു തിരുത്തലിൽ എന്തൊക്കെ നീക്കങ്ങളാവും നിഫ്റ്റി നടത്താൻ സാധ്യതയെന്നതാണ്‌ ഇനി പരിശോധിക്കേണ്ടത്. ഒപ്പംതന്നെ ഈ വാരം നിഫ്റ്റി നടത്താൻ സാധ്യതയുള്ള നീക്കങ്ങളും പരിശോധിക്കാം.

16,806 നിലവാരമാണ്‌ താഴെ ഇനിവരുന്ന ദിനങ്ങളിൽ നിലനിർത്തേണ്ട ആദ്യ സപ്പോർട്ട്. ഇത് നിലനിർത്തുന്നത് നിഫ്റ്റിയുടെ ഒരു തിരിച്ചുവരവിന്‌ കളമൊരുക്കും. എന്നാൽ, 16,806 നഷ്ടപ്പെടുത്തി ക്ളോസ് ചെയ്യാൻ ഇടയായാൽ നിഫ്റ്റി താഴേക്കുള്ള യാത്ര തുടരുകയും 16,620 - 16130 - 15513 എന്നിങ്ങനെയുള്ള ലക്ഷ്യസ്ഥാനങ്ങൾ ഓരോന്നായി ലക്ഷ്യമിടുകയും കീഴടക്കാൻ ബെയറുകൾ ശ്രമിക്കുകയും ചെയ്യും. എന്നാൽ, 16,806 നിലനിർത്തുകയാണെങ്കിൽ ഒരു തിരിച്ചുവരവിനുള്ള ശ്രമം വിപണി നടത്താം. പിന്നീട് ഉയർന്ന തലത്തിൽ 17,214 നിലവാരമാണ്‌ ശ്രദ്ധിക്കേണ്ടത്. ഇതിനു മുകളിലേക്ക് ക്ളോസ് ചെയ്യാനായാൽ 17,380 - 17,400 നിലവാരമാവും സമ്മർദം നൽകുക. ഇതും കടത്തിയെടുക്കാനായാൽ മാത്രം 17,650-17,700 നിലവാരത്തിലേക്കുകൂടി യാത്ര തുടരാം. 17,779 നിലവാരം ശക്തമായ പ്രതിരോധമായി തന്നെയാണ്‌ ഇപ്പോഴും നിലനിൽക്കുന്നത്.

സാധ്യത കൂടുതലും വളരെ പെട്ടെന്നുതന്നെ 17,400 നിലവാരത്തിനടുത്തേക്ക് ഒരു തിരിച്ചുവരവ് നടത്തിയ ശേഷം താഴേക്ക് 16,600 നിലവാരത്തിനടുത്തേക്ക് യാത്ര തുടരാനാണ്.

(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമാണ് ലേഖകൻ)