: സ്ഥിരനേട്ടം ലക്ഷ്യമിട്ട് നിക്ഷേപം നടത്തുന്നവർക്ക് ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും ഫിക്സഡ് ഡെപ്പോസിറ്റുകൾ, പി.പി.എഫ്. തുടങ്ങിയ സ്കീമുകളാണ് പൊതുവെ പരിചിതം. കടപ്പത്രങ്ങൾ പോലുള്ള നിക്ഷേപ മാർഗങ്ങളെ കുറിച്ച് അവർക്കിടയിലുള്ള ബോധവത്‌കരണം പരിമിതമാണ്. താരതമ്യേന സുരക്ഷിത നിക്ഷേപ മാർഗമെന്ന നിലയിലും വൈവിധ്യവത്‌കരണത്തിനുള്ള ഉപാധി എന്ന നിലയിലും കടപ്പത്രങ്ങളെ നിക്ഷേപകർക്ക് ആശ്രയിക്കാവുന്നതാണ്.

നിലവിൽ ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഉയർന്ന പലിശ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതു വഴി നേടാൻ അവസരമുണ്ട്. ഉദാഹരണത്തിന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 10 വർഷം വരെയുള്ള നിക്ഷേപത്തിന് മുതിർന്ന പൗരൻമാരല്ലാത്ത നിക്ഷേപകർക്ക് നൽകുന്ന പരമാവധി പലിശ 5.40 ശതമാനം മാത്രമാണ്. ഇതിനേക്കാൾ മൂന്നോ നാലോ ശതമാനം അധിക പലിശ വാർഷികാടിസ്ഥാനത്തിൽ ‘യീൽഡ് ടു മെച്ചൂരിറ്റി’ ആയി ലഭിക്കുന്ന, ഉയർന്ന റേറ്റിങ്ങുള്ള കടപ്പത്രങ്ങളും കടപ്പത്ര അധിഷ്ഠിത നിക്ഷേപ പദ്ധതികളും നിലവിൽ വിപണിയിൽ ലഭ്യമാണ്.

നിക്ഷേപത്തിന്റെ സുരക്ഷിതത്വം, ദീർഘകാലത്തേക്കുള്ള വിശ്വാസ്യത, താരതമ്യേന മികച്ച നേട്ടം എന്നിവയാണ് മികച്ച കടപ്പത്രങ്ങളുടെ സവിശേഷത. ഉടമസ്ഥത കൈമാറാനും ദ്വിതീയ വിപണി വഴി വ്യാപാരം ചെയ്യാനും ഇലക്‌ട്രോണിക് രൂപത്തിൽ (ഡീമാറ്റ്) കൈവശം വെക്കാനുമുള്ള സൗകര്യം മിക്ക കടപ്പത്രങ്ങൾക്കുമുണ്ട്.

എന്താണ് കടപ്പത്രങ്ങൾ?

നിശ്ചിത കാലയളവിനുള്ളിൽ മൂലധനവും പലിശയും തിരികെ നൽകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കമ്പനികളോ സ്ഥാപനങ്ങളോ നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന വായ്പയാണ് കടപ്പത്രങ്ങൾ. നിക്ഷേപ കാലയളവ്, പലിശ നൽകുന്ന കാലയളവ്, നിക്ഷേപ കാലയളവിനു ശേഷം നിക്ഷേപകന് കിട്ടുന്ന തുക തുടങ്ങിയ കാര്യങ്ങൾ നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടിരിക്കും. പലിശ നൽകുന്നത് വാർഷികാടിസ്ഥാനത്തിലോ അർധവാർഷികാടിസ്ഥാനത്തിലോ ത്രൈമാസാടിസ്ഥാനത്തിലോ നിക്ഷേപ കാലയളവ് പൂർത്തിയാകുമ്പോഴോ ആകാം.

സർക്കാർ കടപ്പത്രങ്ങൾ, പൊതുമേഖലാ ബോണ്ടുകൾ, സ്വകാര്യ കമ്പനികളുടെ ഡിബെഞ്ചറുകൾ തുടങ്ങിയവയാണ് ഇന്ത്യയിൽ ലഭ്യമായ കടപ്പത്ര നിക്ഷേപ പദ്ധതികൾ. ഇവയുടെ സുരക്ഷിതത്വം, റേറ്റിങ്, പലിശനിരക്ക് തുടങ്ങിയ സവിശേഷതകൾ താരതമ്യം ചെയ്ത് നിക്ഷേപകർക്ക് തങ്ങൾക്ക് അനുയോജ്യമായ കടപ്പത്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഓൺലൈൻ ബോണ്ട് പ്ലാറ്റ്‌ഫോമുകളെ ഇത്തരം താരതമ്യത്തിനും തിരഞ്ഞെടുപ്പിനും കടപ്പത്രങ്ങൾ വാങ്ങുന്നതിനും ആശ്രയിക്കാം. വിവിധ കമ്പനികളുടെ കടപ്പത്രങ്ങളെ ആധാരമാക്കി തങ്ങളുടേതായ നിക്ഷേപ പദ്ധതികൾ ഒരുക്കുന്ന സ്റ്റാർട്ട് അപ്പുകളും ഇപ്പോൾ ഈ മേഖലയിലുണ്ട്.

കടപ്പത്രങ്ങളുടെ നിക്ഷേപ ലോകത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർ ചില സാങ്കേതിക പദങ്ങളെ കുറിച്ച് മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. കടപ്പത്രത്തിൽ നിക്ഷേപിക്കുന്നവർക്ക് കാലയളവ് കഴിയുന്നതു വരെ കൈവശം വെക്കുകയാണെങ്കിൽ ലഭിക്കുന്ന വാർഷിക പലിശയ്ക്ക് ‘കൂപ്പൺ റേറ്റ്’ എന്നാണ് പറയുന്നത്. കടപ്പത്രങ്ങൾ കൈവശം വെച്ചതിൽ നിന്നും നിക്ഷേപകന് ലഭിച്ചിട്ടുള്ള നേട്ടമാണ് ‘കറന്റ് യീൽഡ്’. ദ്വീതിയ വിപണിയിൽ നിന്നും നിലവിലുള്ള വിലയ്ക്ക് കടപ്പത്രങ്ങൾ വാങ്ങുന്നവർക്ക് നിക്ഷേപ കാലയളവ് കഴിയുന്നതു വരെ കൈവശം വെക്കുകയാണെങ്കിൽ ലഭിക്കുന്ന വാർഷിക പലിശയാണ് ‘യീൽഡ് ടു മെച്ചൂരിറ്റി’.

നിക്ഷേപിക്കുമ്പോൾ റേറ്റിങ്ങും നോക്കണം

കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നവർ അവ നൽകുന്ന നേട്ടം മാത്രം പരിഗണിച്ചാൽ മതിയാകില്ല. അവയുടെ റേറ്റിങ്ങും വളരെ പ്രധാനമാണ്. ഒരു കമ്പനിക്ക് നിക്ഷേപം തിരികെ നൽകാൻ ശേഷിയുണ്ടോയെന്നും ആ കമ്പനിയിൽ നിക്ഷേപം നടത്തുന്നത് എത്രത്തോളം സുരക്ഷിതമാണെന്നും വിലയിരുത്താനുള്ള മാനദണ്ഡമാണ് ‘ക്രെഡിറ്റ് റിസ്ക്’. ഇന്ത്യയിൽ ക്രിസിൽ, ഐ.സി.ആർ.എ., കെയർ തുടങ്ങിയ ‘ക്രെഡിറ്റ് റേറ്റിങ്’ ഏജൻസികൾ വിവിധ കടപ്പത്രങ്ങളുടെ ‘ക്രെഡിറ്റ് റിസ്ക്’ വിലയിരുത്തി റേറ്റിങ് നൽകുന്നുണ്ട്. ബോണ്ട് പുറപ്പെടുവിക്കുന്ന കമ്പനിയുടെ ആസ്തി, ബാധ്യത, മുൻകാല ചരിത്രം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ‘ക്രെഡിറ്റ് റേറ്റിങ്’ നിർണയിക്കുന്നത്. ‘എഎഎ’ (വളരെ ഉയർന്ന സുരക്ഷ), ‘എഎ’ (ഉയർന്ന സുരക്ഷ), ‘എ’ (മതിയായ സുരക്ഷ), ‘ബിബിബി (മിതമായ സുരക്ഷ), ‘ബിബി’ (അപര്യാപ്തമായ സുരക്ഷ), ‘ബി’ (ഉയർന്ന റിസ്ക്), ‘സി’ (ഗണ്യമായ റിസ്ക്), ‘ഡി’ (പണം നഷ്ടപ്പെടാനുള്ള സാധ്യത) എന്നിങ്ങനെയാണ് പൊതുവെ നൽകുന്ന റേറ്റിങ്.

കടപ്പത്രങ്ങളിൽ നേരിട്ട് നിക്ഷേപം നടത്തുന്നതിനു പകരം നിക്ഷേപകർക്ക്‌ അവലംബിക്കാവുന്ന മറ്റൊരു മാർഗമാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ. ഒരു ഫണ്ട് മാനേജർ നിലവാരം വിലയിരുത്തി വിവിധ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന രീതിയാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ അവലംബിക്കുന്നത്.

ആർ.ബി.ഐ. റീട്ടെയിൽ ഡയറക്ട് ഗിൽറ്റ് സ്‌കീം

ചില്ലറ നിക്ഷേപകർക്ക് പുതിയ അവസരമൊരുക്കിക്കൊണ്ട് കഴിഞ്ഞ നവംബർ 12-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആർ.ബി.ഐ. റീട്ടെയിൽ ഡയറക്ട് ഗിൽറ്റ് സ്‌കീം’ എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. ചില്ലറ നിക്ഷേപകർക്ക് സർക്കാർ കടപ്പത്രങ്ങൾ നേരിട്ട് വാങ്ങാൻ ഇതോടെ അവസരമൊരുങ്ങി. നേരത്തെ അഞ്ച് കോടി രൂപയുടെ ലോട്ടുകളുടെ അടിസ്ഥാനത്തിൽ വ്യാപാരം നടക്കുന്ന സർക്കാർ ബോണ്ടുകളിൽ നേരിട്ട് നിക്ഷേപം നടത്താൻ റീട്ടെയിൽ നിക്ഷേപകർക്ക് അവസരമുണ്ടായിരുന്നില്ല.

നിലവിൽ 6.1 ശതമാനം പലിശയാണ് കേന്ദ്രസർക്കാരിന്റെ 10 വർഷത്തെ ബോണ്ടുകൾ നൽകുന്നത്. സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ താത്‌പര്യമുള്ളവർക്ക് https://www.rbiretaildirect.org.in എന്ന വെബ്‌സൈറ്റ് വഴി റീട്ടെയിൽ ഡയറക്ട് ഗിൽറ്റ് അക്കൗണ്ടുകൾ തുറന്ന് ഇടപാടുകൾ നടത്താം. സേവിങ്‌സ് അക്കൗണ്ട് നമ്പർ, പാൻ കാർഡ്, ആധാർ കാർഡ് അല്ലെങ്കിൽ അംഗീകൃത തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. തുടങ്ങിയവയാണ് റീട്ടെയിൽ ഡയറക്ട് ഗിൽറ്റ് അക്കൗണ്ട് തുറക്കുന്നതിനായി ആവശ്യമുള്ളത്.

(ഹെഡ്ജ് ഇക്വിറ്റീസിന്റെ ധനകാര്യ ഓൺലൈൻ പോർട്ടൽ ആയ ഹെഡ്ജ് ഓഹരി ഡോട്ട്‌കോമിന്റെ എഡിറ്ററാണ് ലേഖകൻ)