കൊച്ചി: കേരളം നിക്ഷേപ സൗഹൃദത്തിൽ പിന്നിലല്ലെന്ന് വ്യവസായികളുടെ കൂട്ടായ്മയായ ‘കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി’ (സി.ഐ.ഐ.). സംസ്ഥാനത്ത് നിലവിലുള്ള പതിനഞ്ചോളം കമ്പനികൾ, മൊത്തം 1,500 കോടി രൂപയുടെ നിക്ഷേപം ഇവിടെ നടത്താൻ താത്പര്യം കാണിക്കുന്നുണ്ടെന്ന് സി.ഐ.ഐ. ദക്ഷിണ മേഖല ചെയർമാൻ സി.കെ. രംഗനാഥൻ പറഞ്ഞു. കേരളത്തിലെ സംരംഭകരുടെ വികസന പദ്ധതികൾ കേന്ദ്രീകരിച്ച് സി.ഐ.ഐ. നടത്തിയ സർവേയിലാണ് ഈ നിക്ഷേപ താത്പര്യങ്ങൾ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ കേരളത്തിലാണ് പുതിയ സാധ്യതകൾ ഏറെയുള്ളത്. വ്യവസായങ്ങൾക്ക് അനുകൂലമായ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർവേ സംഘടിപ്പിച്ചതെന്നും രംഗനാഥൻ വ്യക്തമാക്കി.

സർക്കാരുമായി സഹകരിച്ച് അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സി.ഐ.ഐ. ലക്ഷ്യമിടുന്നത്. എഫ്.എം.സി.ജി., ആയുർവേദ, മെഡിക്കൽ ഉപകരണ പാർക്കുകൾ എന്നീ മേഖലകളിൽ സർക്കാരുമായി സഹകരിച്ച് നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനായിരിക്കും മുൻഗണന നൽകുക. കോവിഡ് കാരണം വരുമാന നഷ്ടം നേരിടുന്ന ടൂറിസം മേഖലയിലുള്ളവരുടെ പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുനരുജ്ജീവനത്തിനും ആവശ്യമായ നിരവധി നിർദേശങ്ങൾ സി.ഐ.ഐ. സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സർക്കാർ സ്വീകരിച്ചതായി സി.ഐ.ഐ. കേരള കൗൺസിൽ ചെയർമാൻ ശ്രീനാഥ് വിഷ്ണു ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ ഏകജാലക അനുമതി സംവിധാനം രാജ്യത്തെ തന്നെ ഏറ്റവും മികച്ച സംവിധാനങ്ങളിലൊന്നാണ്. വ്യവസായികൾക്കും ബിസിനസുകാർക്കും പറയാനുള്ളത് കേൾക്കാൻ തൊഴിലാളി സംഘടനകളും സന്നദ്ധത കാണിക്കുന്നുണ്ട്.

സി.ഐ.ഐ. കേരള വൈസ് ചെയർമാനും കാൻകോർ ഇൻഗ്രേഡിയന്റ്‌സ് സി.ഇ.ഒ.യുമായ ജീമോൻ കോരയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.