കൊച്ചി : യോഗ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള ഉപഭോക്തൃ ഉത്പന്ന (എഫ്.എം.സി.ജി.) കമ്പനിയായ ‘പതഞ്ജലി’ ഈ രംഗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്താൻ ലക്ഷ്യമിടുന്നു. നിലവിൽ, ബഹുരാഷ്ട്ര കമ്പനിയായ ‘യൂണീലിവർ’ മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ അവരെ പിന്തള്ളി ഈ രംഗത്ത് ഒന്നാമതെത്തുകയാണ് ലക്ഷ്യമെന്നും ‘മാതൃഭൂമി’ക്ക്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ബാബാ രാംദേവ് പറഞ്ഞു.

കേരളത്തിലടക്കം രാജ്യത്തിനകത്തും പുറത്തുമായി 10,000 ‘പതഞ്ജലി വെൽനെസ് കേന്ദ്രങ്ങൾ’ തുടങ്ങാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. യോഗ, ആയുർവേദ, നാച്ചുറോപതി എന്നിവ അടങ്ങുന്ന ഇത്തരം കേന്ദ്രങ്ങളിൽ കിടത്തിച്ചികിത്സാ സൗകര്യവുമുണ്ടാകുമെന്നും ബാബാ രാംദേവ് വ്യക്തമാക്കി.

ഇന്ത്യയിലെ അറിയപ്പെടുന്ന യോഗാചാര്യനാണ് താങ്കൾ. സംരംഭക രംഗത്തേക്കുള്ള ചുവടുവെപ്പ്‌ എങ്ങനെയായിരുന്നു?

തീർച്ചയായും, യോഗയും കർമയോഗയുമാണ് എനിക്കെല്ലാം. നമ്മുടെ രാജ്യത്ത് പല മേഖലകളിലും ബഹുരാഷ്ട്ര കമ്പനികൾ മേധാവിത്വം സ്ഥാപിക്കുന്നത് മനസ്സിലാക്കിയതോടെയാണ് തദ്ദേശീയമായി ഉത്പന്നങ്ങൾ വികസിപ്പിക്കണമെന്ന് ആലോചിച്ചത്. അങ്ങനെ ‘ദിവ്യ’ എന്ന ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ തുടങ്ങി. പിന്നീട്, ‘പതഞ്ജലി ആയുർവേദ്’ എന്ന ബ്രാൻഡിലും ഉത്പന്നങ്ങൾ അവതരിപ്പിച്ചു. അതോടെ, പതഞ്ജലി തന്നെ വലിയൊരു സംരംഭമായി മാറി. ‘രുചി സോയ’ എന്ന കമ്പനി പാപ്പരത്ത നടപടി നേരിട്ട് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ (എൻ.സി.എൽ.ടി.) എത്തിയപ്പോഴും അതിനെ ഏറ്റെടുക്കാൻ മുന്നിട്ടിറങ്ങിയത് അത് ഒരു ബഹുരാഷ്ട്ര കമ്പനി കൊണ്ടുപോകരുത് എന്ന ഉദ്ദേശ്യത്തോടെയാണ്.

അങ്ങനെയൊരു കമ്പനിയെ ചുരുങ്ങിയ കാലം കൊണ്ട് ലാഭത്തിലെത്തിച്ചത് എങ്ങനെയാണ്?

വർഷങ്ങളായി നഷ്ടത്തിലായിരുന്ന കമ്പനിയാണ് രുചി സോയ. ജീവനക്കാരെ ഒപ്പം നിർത്തിയും വിതരണ ശൃംഖലയിലെ പോരായ്മകൾ പരിഹരിച്ചുമാണ് അതിനെ ലാഭത്തിലെത്തിച്ചത്. ഉത്പാദന ശേഷി ഫലപ്രദമായി വിനിയോഗിച്ചതും കയറ്റുമതി മെച്ചപ്പെടുത്തിയതും ഗുണകരമായി. മികച്ച ഭരണ നിർവഹണം, ഐ.ടി. അടിത്തറ, സുതാര്യത എന്നിവ കൂടി കൊണ്ടുവന്നതോടെ അതിനെ ശക്തമായ നിലയിലേക്ക് എത്തിക്കാൻ കഴിഞ്ഞു. പാപ്പരത്ത നടപടി നേരിട്ട ഒരു കമ്പനിയെ വെറും 18 മാസങ്ങൾ കൊണ്ടാണ് ലാഭത്തിലെത്തിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുവരവ് 16,318 കോടി രൂപയും ലാഭം 1,800 കോടിയുമായിരുന്നു.

രുചി സോയ ഇപ്പോൾത്തന്നെ ഓഹരി വിപണിയിലുണ്ട്. പതഞ്ജലിയെ ഐ.പി.ഒ. നടത്തി, വിപണിയിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയുണ്ടോ? അതോ ഇരു കമ്പനിയെയും ലയിപ്പിച്ച് ഒന്നാക്കുമോ?

ഞങ്ങളുടെ ശ്രദ്ധ മുഴുവൻ ഇപ്പോൾ രുചി സോയയുടെ രണ്ടാമത്തെ പബ്ലിക് ഓഫറിൽ (എഫ്.പി.ഒ.) ആണ്. അതുകഴിഞ്ഞാൽ മാത്രമേ പതഞ്ജലിയുടെ ഐ.പി.ഒ.യെക്കുറിച്ച് ആലോചിക്കാൻ കഴിയുകയുള്ളൂ. ആറു മാസത്തിനുള്ളിൽ തീരുമാനം പ്രഖ്യാപിക്കാൻ കഴിയും. രണ്ടും രണ്ടു കമ്പനിയായി തന്നെ നിലകൊള്ളും.

പതഞ്ജലിയുടെയും രുചി സോയയുടെയും കൂടി മൊത്തം വിറ്റുവരവ് 30,000 കോടി കടന്നിരിക്കുകയാണ്. അടുത്ത മൂന്നോ അഞ്ചോ വർഷം കൊണ്ട് എന്താണ് ലക്ഷ്യം?

ഭക്ഷ്യോത്പന്നം, ഉപഭോക്തൃ ഉത്പന്നം തുടങ്ങി ഏതൊക്കെ മേഖലകളിൽ ഞങ്ങൾക്ക് സാന്നിധ്യമുണ്ടോ, അതിലെല്ലാം വിപണി മേധാവിത്വം നേടണം. പതഞ്ജലി, രുചി സോയ, ന്യൂട്രില, പതഞ്ജലി ബിസ്കറ്റ്‌സ് തുടങ്ങിയ എല്ലാത്തിലും ഒന്നാം സ്ഥാനമാണ് ലക്ഷ്യം. നിലവിൽ യൂണീലിവർ മാത്രമാണ് മുന്നിൽ. ഇവിടെ ഒന്നാമതെത്തുന്നതോടൊപ്പം ആഗോള ബ്രാൻഡായി മാറണം.

കയറ്റുമതി ലക്ഷ്യങ്ങൾ?

നിലവിൽ 36 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. രണ്ടു വർഷത്തിനുള്ളിൽ 100 രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാനാണ് പദ്ധതി. ഒപ്പം, ഓൺലൈൻ വിപണനവും ശക്തിപ്പെടുത്തും.

ആയുർവേദത്തിന്റെ ഈറ്റില്ലമാണ് കേരളം. ഇവിടെ, നിക്ഷേപ പദ്ധതികൾ എന്തെങ്കിലുമുണ്ടോ?

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമുണ്ട്. ഞങ്ങളുടെ അടുത്ത വലിയ പദ്ധതിയായ പതഞ്ജലി വെൽനെസ് കേന്ദ്രങ്ങൾ കേരളത്തിലുമുണ്ടാകും.