കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വില ബുധനാഴ്ച വീണ്ടും ഉയർന്നു. ഇതോടെ കേരളത്തിലും പെട്രോൾ വില 110 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 110.19 രൂപയിലെത്തി. ഡീസൽ വില 103.88 രൂപയായും ഉയർന്നിട്ടുണ്ട്.

വിവിധ നഗരങ്ങളിലായി ഇന്ധന വിലയിൽ 35-40 പൈസ വരെയാണ് വർധന രേഖപ്പെടുത്തിയത്. കൊച്ചിയിൽ പെട്രോളിന് 108.15 രൂപയും ഡീസലിന് 101.97 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 108.42 രൂപയിലെത്തി. ഡീസലിന് 102.24 രൂപയും.

കഴിഞ്ഞ 33 ദിവസത്തിനിടെ 25 തവണയാണ് വില വർധിച്ചത്. പെട്രോൾ വിലയിൽ 22 തവണ വർധന വരുത്തി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില 85 ഡോളറിനു മുകളിലാണ്.