കൊച്ചി: വാറ്റ് കാലഘട്ടത്തിലെ നികുതി കുടിശ്ശിക തീർക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കിയ ആംനെസ്റ്റി സ്കീമിനു സമാനമായ പദ്ധതി ജി.എസ്.ടി. നിയമത്തിലും കൊണ്ടുവരണമെന്ന് ആവശ്യം. വ്യാപാര മേഖലയിൽ കോവിഡ്-19 ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഇതിന്റെ ഫലമായി ലാഭത്തിലുണ്ടായ ഇടിവ് കാരണം നികുതി ബാധ്യതകൾ തീർക്കുന്നതിനോ മറ്റ് ചെലവുകൾ നടത്തുന്നതിനോ പ്രതിസന്ധി നേരിടുകയാണ് വ്യാപാരി സമൂഹം. നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അടുത്ത ബജറ്റിൽ ജി.എസ്.ടി.ക്കു കീഴിൽ ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നാണ് വ്യാപാരികളുടെയും ടാക്സ് പ്രാക്ടീഷണർമാരുടെയും ആവശ്യം.
ജി.എസ്.ടി. നടപ്പാക്കിയ 2017 ജൂലായ് ഒന്നുമുതലുള്ള മൂന്നു വർഷ കാലയളവിലെ നികുതി കുടിശ്ശികകൾക്ക് സ്കീം ബാധകമാക്കണമെന്നാണ് നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ടാക്സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിട്ടുണ്ട്. 2020 നവംബറോടെ കോവിഡ് ആഘാതത്തിൽനിന്നു കരകയറാനാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതിനു വിപരീതമായാണ് കാര്യങ്ങൾ നീങ്ങിയത്. നിലവിലെ സാഹചര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്നും വ്യാപാരികൾ പറയുന്നു.
ജി.എസ്.ടി.യിൽ ഇപ്പോഴും പ്രശ്‌നങ്ങൾ
: കോവിഡ് ആഘാതം മാത്രമല്ല, ജി.എസ്.ടി.യിലെ പാകപ്പിഴകളും ആംനെസ്റ്റി സ്കീം നടപ്പാക്കണമെന്ന നിർദേശത്തിനു പിന്നിലുണ്ട്. മൂന്നു വർഷം കഴിഞ്ഞിട്ടും ജി.എസ്.ടി. നടത്തിപ്പിന്റെ കാര്യത്തിൽ സുഗമമായ സംവിധാനം ഉണ്ടാക്കാൻ കഴിയാത്തതും റിട്ടേൺ സമർപ്പിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകളും വ്യാപാരികളെ ഇപ്പോഴും വലയ്ക്കുന്നുണ്ട്.
ജി.എസ്.ടി. പോർട്ടലിലെ സാങ്കേതിക തടസ്സങ്ങൾ റിട്ടേൺ കൃത്യമായി സമർപ്പിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതും തുടർക്കഥയാകുന്നു. കഴിഞ്ഞയാഴ്ചയും പോർട്ടലിൽ തടസ്സം നേരിട്ടിട്ടുണ്ടെന്നാണ് വിവരം.
നിരവധി ഭേദഗതികളും പുതിയ സംവിധാനങ്ങളും ജി.എസ്.ടി.യിൽ കൊണ്ടുവന്നെങ്കിലും ഇപ്പോഴും തടസ്സങ്ങൾ പഴയ നിലയിൽത്തന്നെ തുടരുകയാണ്. കൃത്യമായ ആസൂത്രണങ്ങളില്ലാതെ നിയമം കൊണ്ടുവന്നതിന്റെ അനന്തര ഫലങ്ങളാണ് ഇവയെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. റിട്ടേൺ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് ഖേദകരം. അതേസമയം, ഇതെല്ലാം ബാധ്യതയാകുന്നത് നികുതിദായകർക്കാണ്. പിഴയും പലിശയും നികുതിയും എല്ലാം ചേർത്ത് ഭീമമായ തുക വ്യാപാരികൾ അടയ്ക്കേണ്ടതായി വരുന്നു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റിലെ പ്രശ്നങ്ങൾ കാരണമുള്ള ബാധ്യതകൾ വേറെയും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് പിഴയും പലിശയും പൂർണമായി ഒഴിവാക്കി ആംനെസ്റ്റി സ്കീം നടപ്പാക്കണമെന്നാണ് ആവശ്യം.
ജി.എസ്.ടി.യിലെ പോരായ്മകൾ ചർച്ച ചെയ്യുന്നതിനും ഇവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ദേശീയതലത്തിൽ ഒരു കോർ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വ്യാപാര സംഘടനകളും ടാക്സ് പ്രാക്ടീഷണർമാരുമടക്കം സമിതിയിൽ അംഗങ്ങളാണ്.