കൊച്ചി: ‘ഉദ്യം’ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനിരിക്കുന്ന മാറ്റങ്ങളിൽ ആശങ്കയറിയിച്ച് ചെറുകിട സംരംഭകർ. ചെറുകിട വ്യവസായ രംഗത്തേക്ക് കടന്നുവരുന്ന സംരംഭകരുടെ പ്രാഥമിക ലൈസൻസാണ് ‘ഉദ്യം’ രജിസ്‌ട്രേഷൻ.

സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് രജിസ്‌ട്രേഷൻ, എൻട്രപ്രണർഷിപ്പ് മെമ്മോറാണ്ടം, ഉദ്യോഗ് ആധാർ എന്നീ പേരുകളിൽ നിരവധിയായ മാറ്റങ്ങൾക്കും പുതുക്കലുകൾക്കും വിധേയമായാണ് ഈ ലൈസൻസിങ് സംവിധാനം ഇപ്പോൾ ഉദ്യം രജിസ്‌ട്രേഷനിൽ എത്തി നിൽക്കുന്നത്.

എന്നാൽ, 2021 ഏപ്രിൽ ഒന്നു മുതൽ ഉദ്യം രജിസ്‌ട്രേഷൻ എടുക്കുന്നതിന് വീണ്ടും പുതിയ ചട്ടങ്ങൾ നിലവിൽ വരും. ഇവയിൽ ഏറെയും ചെറുകിട സംരംഭക മേഖലയ്ക്ക് ദോഷം ചെയ്‌യുന്നവയാണെന്ന് വ്യാപാരികൾ പറയുന്നു.

നിലവിലുള്ള ‘ഉദ്യോഗ് ആധാറു’കളുടെ കാലാവധി 2021 മാർച്ച് 31-ന് അവസാനിക്കും. തുടർന്ന് സംരംഭകരെല്ലാം ഉദ്യോഗ് ആധാർ ഉദ്യം രജിസ്‌ട്രേഷനായി കൺവെർട്ട് ചെയ്യേണ്ടി വരും. ഈ പ്രക്രിയ പൂർത്തീകരിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ നാനോ, കുടുംബ, ചെറുകിട സംരംഭങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്നവയാണെന്ന് വ്യാപാരികൾ പറയുന്നു. നവ സംരംഭകർക്ക് ഉദ്യം രജിസ്‌ട്രേഷൻ എടുക്കുന്നതിനും പഴയ സംരംഭകർക്ക് കൺവെർട്ട് ചെയ്യുന്നതിനും ഏപ്രിൽ ഒന്നു മുതൽ ജി.എസ്.ടി. നിർബന്ധമാക്കാനുള്ള തീരുമാനവും ആശങ്കയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ഉത്പാദന യൂണിറ്റുകളെയും 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവന യൂണിറ്റുകളെയും ജി.എസ്.ടി. പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ചെറുകിട സംരംഭകർക്കും ഉപജീവന സംരംഭകർക്കും ഇത് ഗുണകരമായിരുന്നു. എന്നാൽ, ഉദ്യം രജിസ്‌ട്രേഷനിലെ പുതിയ മാറ്റങ്ങൾ നികുതി ഇളവുകൾ ഇല്ലാതാക്കിയേക്കും. അതുകൊണ്ട്, നികുതി ഇളവുകൾ ലഭ്യമാക്കുന്ന രീതിയിൽ ജി.എസ്.ടി. നിയമങ്ങൾ പരിഷ്കരിക്കുകയോ ഉദ്യം രജിസ്‌ട്രേഷൻ എടുക്കുന്നതിന് ജി.എസ്.ടി. നിർബന്ധമാക്കാതിരിക്കുകയോ ആണ് വേണ്ടെതെന്നാണ് വ്യാപാരികളുടെ വാദം.