: തമിഴ്‌നാട്ടിലെ ഒരു സാധാരണഗ്രാമത്തിൽ ജനിച്ചുവളർന്ന ഗിരീഷ് മാതൃഭൂതം പഠിത്തത്തിൽ വലിയ കേമനൊന്നുമായിരുന്നില്ല. പ്ലസ് ടു-വിന് മാർക്ക് കുറഞ്ഞപ്പോൾ ബന്ധുക്കൾ കളിയാക്കിയത് ‘സൈക്കിൾ റിക്ഷ ഓടിക്കാനേ ഇവനെക്കൊണ്ട് കഴിയൂ...’ എന്നായിരുന്നു. പക്ഷേ, തമിഴ്‌നാട്ടിലെ ഒരു സാധാരണ എൻജിനീയറിങ് കോളേജിൽ അഡ്മിഷൻ കിട്ടി. അവിടെനിന്ന് എൻജിനീയറിങ് ബിരുദവും പിന്നീട് മറ്റൊരു കോളേജിൽ നിന്ന് എം.ബി.എ.യും കരസ്ഥമാക്കി. അഡ്വന്റ് നെറ്റ്, സോഹോ തുടങ്ങിയ കമ്പനികളിലായി 10 വർഷത്തോളം ജോലിചെയ്തു.

അപ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തലയ്ക്കുപിടിച്ചത്. അങ്ങനെ ജോലിവിട്ട് 2010-ൽ ‘ഫ്രഷ്‌ ഡെസ്ക്’ എന്ന പേരിൽ സ്വന്തം കമ്പനി തുടങ്ങി. പിന്നീട്, കമ്പനിയുടെ പേര് ‘ഫ്രഷ് വർക്സ്’ എന്നായി. ഇന്ത്യയിലെ ഏറ്റവും വലിയ ‘സോഫ്റ്റ്‌വേർ ആസ് എ സർവീസസ്’ (സാസ്) കമ്പനിയായി വളർന്ന ‘ഫ്രഷ്‌ വർക്സി’ന്റെ ഓഹരികൾ കഴിഞ്ഞയാഴ്ച അമേരിക്കൻ സ്റ്റോക് എക്സ്‌ചേഞ്ചായ ‘നാസ്ഡാക്കി’ൽ ലിസ്റ്റ് ചെയ്തു.

ആദ്യ ദിനത്തിൽത്തന്നെ ഓഹരിവില കുതിച്ചുയർന്നതോടെ കമ്പനിയുടെ വിപണിമൂല്യം 1,230 കോടി ഡോളറായി. അതായത്, ഏതാണ്ട് 91,000 കോടി രൂപ. ഇതോടെ, ഗിരീഷ് മാത്രമല്ല, കമ്പനിയിലെ അഞ്ഞൂറിലേറെ ജീവനക്കാരും കോടീശ്വരന്മാരായി മാറി. അതിൽ 70 പേരും 30 വയസ്സിൽ താഴെയുള്ളവരാണ്. 4,300 ജീവനക്കാരാണ് കമ്പനിയിൽ മൊത്തമുള്ളത്. ഇതിൽ 76 ശതമാനം പേർക്കും കമ്പനിയുടെ ഓഹരി സ്വന്തമായുണ്ട്.