നിഫ്റ്റിയിൽ കഴിഞ്ഞയാഴ്ച 17,460 നിലവാരത്തിന് താഴേക്ക് ക്ലോസ് ചെയ്യുന്നത് തിരുത്തൽ തുടങ്ങുന്നതിന്റെ ആദ്യലക്ഷണമാണെന്നും 17,716-ന് മുകളിലേക്ക് ക്ലോസ് ചെയ്യാനായാൽ മുന്നേറ്റം തുടർന്ന് 17,811-18,845 നിലവാരങ്ങളാവും ലക്ഷ്യമിടുക എന്നും സൂചിപ്പിച്ചിരുന്നു. യു.എസ്. ഫെഡറൽ റിസർവ് ഉത്തേജക പാക്കേജിൽ എടുക്കുന്ന തീരുമാനമാവും വിപണിയുടെ ഗതി നിശ്ചയിക്കുകയെന്ന സൂചനയും നൽകി.

കഴിഞ്ഞയാഴ്ച ആദ്യദിനം തന്നെ നിഫ്റ്റി 17,396-ൽ ക്ലോസ് ചെയ്ത് താഴേക്കുള്ള നീക്കത്തിന്‌ തുടക്കമിട്ടുവെങ്കിലും പിറ്റേദിവസം 17,326 എന്ന താഴ്ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം തിരിച്ച് മുന്നേറുകയും 17,560-ൽ എത്തി വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട്, വ്യാഴാഴ്ച യു.എസ്. ഫെഡ് തീരുമാനം വന്നശേഷം വിപണി വളരെ ശക്തമായിത്തന്നെ മുന്നേറ്റം തുടരുകയും 17,716-ന് മുകളിലേക്ക് 17,811 എന്ന ലക്ഷ്യസ്ഥാനത്തെത്തി അതിനും മുകളിലേക്ക് ക്ലോസ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച ഒരവസരത്തിൽ 17,948 വരെ എത്തിയെങ്കിലും പിന്നീട് ലാഭമെടുക്കലിൽ 17,853-ൽ വ്യാപാരം അവസാനിപ്പിച്ചു.

ഇനി വരുംദിനങ്ങളിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്നു നോക്കാം:

നിഫ്റ്റിയിൽ പൊസിഷണൽ അടിസ്ഥാനത്തിൽ അടുത്ത ലക്ഷ്യസ്ഥാനങ്ങൾ യഥാക്രമം 18,361-18,845-20,538-21,479 എന്നിങ്ങനെ ആയിരിക്കും. ഇതിൽ 18,845, 20,538 നിലവാരങ്ങൾ വളരെ നിർണായകമാണ്. ഒപ്പംതന്നെ, 17,616 ഈമാസം അവസാനം വരെ ക്ലോസിങ് അടിസ്ഥാനത്തിൽ നിലനിർത്തുക എന്നതും മുന്നോട്ടുള്ള പ്രയാണത്തിന് അത്യാന്താപേക്ഷിതമാണ്.

വരുംദിനങ്ങളിൽ ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ ഇനി പരിശോധിക്കാം:

താഴെ ആദ്യം നിലനിർത്തേണ്ട സപ്പോർട്ട് 17,772-ഉം തൊട്ടുതാഴെ 17,616 നിലവാരവും ആയിരിക്കും. ഇത് വരുംദിനങ്ങളിൽ ക്ലോസിങ് അടിസ്ഥാനത്തിൽ നഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ അത് തീർച്ചയായും ആശങ്ക ഉണ്ടാക്കുന്ന കാര്യമായിരിക്കും. പിന്നീട്, കൂടുതൽ തകർച്ച നേരിടാനുള്ള സാധ്യതകളാവും അത് തുറന്നിടുക.

ഇനി ഉയർന്ന നിലയിൽ ആദ്യം ശ്രദ്ധിക്കേണ്ടത് 17,913 നിലവാരമാണ്. അതിന് മുകളിലേക്ക് ക്ലോസ് ചെയ്യുന്നത് നിഫ്റ്റിയെ 18,361 എന്ന ആദ്യ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് സജ്ജമാക്കുകയും ചെയ്യും.

കഴിഞ്ഞയാഴ്ചത്തെ മറ്റൊരു പ്രത്യേകത നിഫ്റ്റിയെ ഇതുവരെ മുന്നോട്ടു നയിച്ചിരുന്ന ഐ.ടി., ലോഹം, എഫ്.എം.സി.ജി. മേഖലകളിലെ ലാഭമെടുക്കലാണ്. എന്നാൽ, ഏറ്റവും പിന്നാക്കം നിന്നിരുന്ന മീഡിയ, ബാങ്കിങ്, ഓട്ടോ ഓഹരികളാണ് ഇപ്പോൾ മുന്നിൽ നിന്ന്‌ നയിക്കുന്നത്.

(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമാണ് ലേഖകൻ)