കൊച്ചി: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കനറാ ബാങ്ക് നടപ്പു സാമ്പത്തിക വർഷം ജൂലായ്-സെപ്റ്റംബർ പാദത്തിൽ 1,333 കോടി രൂപയുടെ അറ്റാദായം നേടി. തൊട്ട്‌ മുൻ സാമ്പത്തിക വർഷം സെപ്റ്റംബർ പാദത്തിൽ 4,44 കോടി രൂപയായിരുന്നു ലാഭം.

ബാങ്കിന്റെ പ്രവർത്തന ലാഭം 21.91 ശതമാനം വർധിച്ച് 5,604 കോടി രൂപയായി. പലിശ ഇതര വരുമാനം 37.5 ശതമാനം ഉയർന്ന് 4,268 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 6,273 കോടി രൂപയായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി (എൻ.പി.എ.) അനുപാതം 3.21 ശതമാനമായി കുറഞ്ഞു.

റീട്ടെയിൽ വായ്പാ വിഭാഗത്തിൽ 10.46 ശതമാനം വർധന രേഖപ്പെടുത്തി. ഭവന വായ്പയിൽ 14.21 ശതമാനവും വാഹന വായ്പയിൽ 8.38 ശതമാനവുമാണ് വളർച്ച. നടപ്പു സാമ്പത്തിക വർഷം കോർപ്പറേറ്റ് വായ്പകളിൽ 7.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് കനറാ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എൽ.വി. പ്രഭാകർ പറഞ്ഞു. റീട്ടെയിൽ വായ്പകളിൽ പത്ത് ശതമാനത്തിലധികം വർധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.