കോഴിക്കോട്: മലബാർമേഖലയിലെ ജനങ്ങൾക്കിടയിൽ ആരോഗ്യപരിശോധനയ്ക്കായി ആസ്റ്റർ റോട്ടറി ഹെൽത്ത് വാൻ സർവീസ് തുടങ്ങി. ആസ്റ്റർ വൊളന്റിയേഴ്‌സ്, റോട്ടറി 3204 എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, അറ്റൻഡർ, ഡ്രൈവർ എന്നിവർ ഉൾപ്പെട്ട ടീമാണ് ഹെൽത്ത് വാനിൽ ഉണ്ടാവുക. ജീവിതശൈലീരോഗനിർണയമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സൂപ്പർ സ്പെഷ്യാലിറ്റിവിഭാഗം ഡോക്ടർമാരോട് സംസാരിക്കാൻ ടെലിമെഡിസിൻ സൗകര്യവും ഉണ്ട്. അടുത്തവർഷം ഇത്തരത്തിൽ സൗജന്യമായി ആരോഗ്യപരിശോധന തുടരാണ് തീരുമാനം.

റോട്ടറി 3204 ഗവർണർ ഡോ. രാജേഷ് സുഭാഷും ആസ്റ്റർ വൊളന്റിയേഴ്‌സ് മേധാവി ജലീലും (ദുബായ്) ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവർക്കാണ് സേവനം ലഭിക്കുക. സന്നദ്ധസംഘടനകൾക്കും മറ്റും അതത് പ്രദേശങ്ങളിലെ റോട്ടറി ക്ലബ്ബുകളുമായോ, ആസ്റ്റർ ആശുപത്രിയുമായോ ബന്ധപ്പെട്ടാൽ സൗജന്യപരിശോധനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തും.

രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹെൽത്ത് വാൻ ലോഞ്ച് ചെയ്തു. റോട്ടറി 3204 ഗവർണർ ഡോ. രാജേഷ് സുഭാഷ്, ആസ്റ്റർ ഗ്രൂപ്പ് സി.ഇ.ഒ. ഫർഹാൻ യാസിർ, ഡോ. ഹരി, പ്രമോദ് നായനാർ, ഡോ. സേതു ശിവശങ്കർ, ലത്തീഫ് കാസിം, അസീം എന്നിവർ പങ്കെടുത്തു.