തിരുവനന്തപുരം: കോവിഡാനന്തര സാഹചര്യം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് അവസരമാക്കി മാറ്റുന്നതു ലക്ഷ്യമിട്ട് വെർച്വലായി നടത്തുന്ന കേരള ട്രാവൽ മാർട്ട് 2021 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കവടിയാർ ഉദയ് കൺവെൻഷൻ സെൻററിൽ 28-ന് വൈകീട്ട് 7.30-നാണ് ഉദ്ഘാടനം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

മാർച്ച് ഒന്ന് മുതൽ അഞ്ച് വരെയാണ് വെർച്വൽ കെ.ടി.എമ്മിലെ വാണിജ്യ കൂടിക്കാഴ്ചകളും പ്രദർശനങ്ങളും നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ട് വെർച്വലായി നടത്തുന്നത് കേരള ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനുള്ള സുപ്രധാന കാൽവയ്പാണെന്ന് മന്ത്രി പറഞ്ഞു. 600 സെല്ലർമാർ, 500 വിദേശ ബയേഴ്‌സ്, 1500 ടൂർ ഓപ്പറേറ്റർമാർ, 40,000-ഓളം ബിസിനസ് മീറ്റുകൾ എന്നിവ കേരള ട്രാവൽ മാർട്ടിൽ പ്രതീക്ഷിക്കുന്നതായി കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡൻറ് ബേബി മാത്യു സോമതീരം പറഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകൾക്കും വിദേശ ടൂറിസ്റ്റുകൾക്കും കെ.ടി.എമ്മിൽ തുല്യപ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്‌, ടൂറിസം ഡയറക്ടർ വി.ആർ.കൃഷ്ണ തേജ, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡൻറ് ഇ.എം.നജീബ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.