കോഴിക്കോട്‌: മലബാർ ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ ഇഖ്‌റ ആശുപത്രിയിൽ ആരംഭിച്ച ഇഖ്‌റ സെന്റർ ഫോർ ഇമ്യൂണോജെനിറ്റിക്സിന്റെ ഉദ്‌ഘാടനം പൊതുമരാമത്ത്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ നിർവഹിച്ചു.

അത്യാധുനിക ന്യൂ ജനറേഷൻ സീക്വൻസിങ്‌ സംവിധാനങ്ങളോടുകൂടിയ ലബോറട്ടറിയാണ്‌ ഇഖ്‌റ സെന്റർ ഫോർ ഇമ്യൂണോജെനിറ്റിക്സ്‌. ജീവിതശൈലിയുടെ അടിസ്ഥാനത്തിൽ വ്യക്തികളെ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തി ചികിത്സ നിർണയിക്കുന്ന സംവിധാനമാണിത്‌.

ജെ.ഡി.ടി. ഇസ്‌ലാം പ്രസിഡന്റ്‌ സി.പി. കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷനായിരുന്നു. തിയേറ്റർ കോംപ്ലക്സിന്റെ ഉദ്‌ഘാടനം എം.കെ. രാഘവൻ എം.പി. നിർവഹിച്ചു.

ട്രാൻസ്‌പ്ലാന്റ്‌ തിയേറ്ററിന്റെ ഉദ്‌ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യും മലബാർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള കോവിഡ്‌ സൗജന്യ വാക്സിനേഷൻ പദ്ധതിയുടെ ഉദ്‌ഘാടനം മലബാർ ഗ്രൂപ്പ്‌ ചെയർമാൻ എം.പി. അഹമ്മദും നിർവഹിച്ചു.

കോർപ്പറേഷൻ കൗൺസിലർ എം.എൻ. പ്രവീൺ, ഇഖ്‌റ ഹോസ്പിറ്റൽ എക്സിക്യുട്ടീവ്‌ ഡയറക്ടർ ഡോ. പി.സി. അൻവർ, മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സ്‌ ഇന്റർനാഷണൽ ഒാപ്പറേഷൻസ്‌ മാനേജിങ്‌ ഡയറക്ടർ ഷംലാൽ അഹമ്മദ്‌, ഇഖ്‌റ ഹോസ്പിറ്റൽ ഡെപ്യൂട്ടി എക്സിക്യുട്ടീവ്‌ ഡയറക്ടർ ഡോ. ഇദ്‌രിസ്‌ തുടങ്ങിയവർ പങ്കെടുത്തു.