നിഫ്റ്റിയിൽ ബെയറുകളുടെ ആക്രമണ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച ഇവിടെ സൂചിപ്പിച്ചിരുന്നു. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു. മുൻ ആഴ്ചയിൽ 15,923-ൽ വളരെ ശക്തമായി തന്നെ അവസാനിച്ചിരുന്ന നിഫ്റ്റി, കഴിഞ്ഞയാഴ്ച ചുവടുപിഴച്ചാണ് തുടങ്ങിയതുതന്നെ. 15,754-ൽ ‘ഗ്യാപ് ഡൗൺ ഓപ്പണിങ്’ നടത്തിയ നിഫ്റ്റി, പിറ്റേന്ന് 15,578 വരെ എത്തുകയും ചെയ്തിരുന്നു. പക്ഷേ, ആഴ്ചയിലെ അവസാന രണ്ടു ദിവസം ബുള്ളുകൾ തിരിച്ചുവരവ് നടത്തുകയും 15,899 വരെ തിരിച്ചുകയറി, 15,856-ൽ അവസാനിക്കുകയും ചെയ്തു. ഏതാണ്ട് ഇതിന് സമാനമായ നീക്കമാണ് അമേരിക്കൻ വിപണിയും കഴിഞ്ഞയാഴ്ച കാഴ്ചെവച്ചത്.

ഇന്ത്യൻ വിപണിയിൽ വരും ദിനങ്ങളിൽ ഏതൊക്കെ നിലവാരങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. 15,900 എന്ന സമ്മർദ മേഖലയ്ക്കു ചുറ്റും നിഫ്റ്റി തിരിയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ സമ്മർദ മേഖല ചാടിക്കടക്കാൻ ബുള്ളുകൾ സ്വയം പിൻവാങ്ങിയതാണോ കഴിഞ്ഞയാഴ്ച എന്നതാവും വരും ദിനങ്ങളിൽ വിപണി തെളിയിക്കേണ്ടത്. അങ്ങനെയെങ്കിൽ, ഈയാഴ്ച 15,900-16036 ഒക്കെ കടത്തിയെടുക്കും. ഇങ്ങനെ ഒരു നീക്കത്തിനുള്ള സാധ്യതകൾ മലർക്കെ തുറന്നിട്ടിട്ടാണ് ബുള്ളുകൾ കഴിഞ്ഞയാഴ്ച പാളയത്തിലേക്ക് മടങ്ങിയത്. കഴിഞ്ഞയാഴ്ച 15,632 എന്ന സപ്പോർട്ട് ബെയറുകൾക്ക് മുന്നിൽ അടിയറവ് പറഞ്ഞെങ്കിലും 15,450-15,490-ലെ പ്രധാന സപ്പോർട്ട് ശക്തമായിത്തന്നെ പിടിച്ചുനിർത്തിയത് ഈയൊരു സൂചനയാണ് നൽകുന്നത്.

എല്ലാം തീർന്നുവെന്ന തോന്നൽ ഉളവാക്കിയിടത്തുനിന്നും എല്ലാം പിടിച്ചടക്കാനുള്ള ആവേശത്തോടെയായിരുന്നു ബുള്ളുകളുടെ തിരിച്ചുവരവ്. ബെയറുകൾക്ക് കൂടുതൽ ശക്തി പ്രാപിക്കാനായില്ലെങ്കിൽ വിപണിയിൽ ഈയാഴ്ച പുതിയ ഉയരങ്ങളിലേക്കുള്ള നീക്കമാകും കാണുക. 15,923-നു മുകളിൽ വരും ദിനങ്ങളിൽ ക്ലോസ് ചെയ്യാനായാൽ മേൽപറഞ്ഞ സാധ്യതകൾ ഉറപ്പിക്കുകയും ചെയ്യാം. 16,036-നു മുകളിലേക്കു കൂടി പിന്നീട് ക്ലോസ് ചെയ്യാനായാൽ 16,340-16,917 നിലവാരങ്ങളിലേക്കാവും മുന്നേറാൻ ശ്രമിക്കുക.

ഇത്തവണത്തെ നീക്കത്തിന് ശക്തി പകരുന്നത് കമ്മോഡിറ്റി, എഫ്.എം.സി.ജി., റിയൽ എസ്റ്റേറ്റ് മേഖലകളിലെ ഓഹരികളാണ്. ഇതിനൊപ്പം, ഐ.ടി., ലോഹം, ഫാർമ മേഖലകളും രണ്ടാംനിരയിൽ ശക്തിയേകുന്നു. ഇതുവരെയും പിന്നോട്ടുനിന്ന ബാങ്കിങ്, ഓട്ടോ, എനർജി മേഖലകളിലെ ഓഹരികളിൽ ബെയറുകൾക്ക് പിടിമുറുക്കാൻ ആവാതെയിരിക്കുക എന്നതും മുന്നേറ്റത്തിന് വളരെ നിർണായകമായ കാര്യമാണ്.

വളരെ ആവേശത്തോടെയാവും ഈയാഴ്ചത്തെ സെറ്റിൽമെന്റിലേക്ക് നിഫ്റ്റി നീങ്ങുക. സീറ്റ് ബെൽറ്റ് മുറുക്കി ടേക്ക് ഓഫിന് തയ്യാറെടുക്കുക.

(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമാണ് ലേഖകൻ)