മദ്യക്കമ്പനിയായ ‘യുണൈറ്റഡ് ബ്രൂവറീസി’ൽ വിജയ് മല്യ യുഗം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിശ്വസ്തൻ രവി നെടുങ്ങാടി പടിയിറങ്ങുന്നു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ രവി നെടുങ്ങാടി 1990 മുതൽ മല്യയുടെ യു.ബി. ഗ്രൂപ്പിൽ പ്രവർത്തിച്ചു വരികയായിരുന്നു. ചാർട്ടേഡ്‌ അക്കൗണ്ടന്റായ അദ്ദേഹം 98 മുതൽ പ്രസിഡന്റ്-ചീഫ് ഫിനാൻഷ്യൽ ഓഫീസർ പദവികൾ വഹിക്കുകയാണ്.

കമ്പനിയിലെ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കിയ ബിയർ നിർമാതാക്കളായ ‘ഹെയ്‌നകെൻ’, അവരുടെ പങ്കാളിത്തം ഉയർത്തിയതോടെയാണ് രവി നെടുങ്ങാടി സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്. നേരത്തെയുള്ള വ്യവസ്ഥ പ്രകാരം കമ്പനിയുടെ ചെയർമാൻ സ്ഥാനം വിജയ് മല്യക്കാണ്. എന്നാൽ, വായ്പാ പ്രതിസന്ധിയെ തുടർന്ന് നാടുവിട്ട അദ്ദേഹത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കാനും ധാരണയായിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന ഓഹരിയുടമകളുടെ പൊതുയോഗത്തിൽ തീരുമാനമുണ്ടായേക്കും.