തിരുവനന്തപുരം: ലോക ടൂറിസം മേഖലയിലെ ഏറ്റവും വലിയ അവാർഡുകളിലൊന്നായ വേൾഡ് ട്രാവൽ മാർട്ട് ഗ്ലോബൽ റെസ്പോൺസബിൾ ടൂറിസം അവാർഡ് ജേതാക്കളെ കണ്ടെത്തുന്നതിനുള്ള ജഡ്ജിങ് പാനലിൽ അംഗമായി ഇന്ത്യയിൽനിന്ന് കെ.രൂപേഷ് കുമാറിനെ തിരഞ്ഞെടുത്തു. ലണ്ടൻ ആസ്ഥാനമായ വേൾഡ് ട്രാവൽ മാർട്ട് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന മിഷൻ കോ-ഓർഡിനേറ്ററാണ് കെ.രൂപേഷ് കുമാർ. ഡോ. ഹരോൾഡ് ഗുഡ് വിൻ ചെയർമാനായ കമ്മിറ്റിയിൽ വിവിധ രാജ്യങ്ങളിൽനിന്ന് പത്തുപേർ കൂടിയുണ്ട്.

2008-ൽ കേരളത്തിൽ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന രൂപേഷ്‌ കുമാർ, കേരളത്തിന്റെ പ്രവർത്തനങ്ങളെ സാർവദേശീയരംഗത്ത് ശ്രദ്ധേയമാക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചു. ശ്രദ്ധേയമായ സംഭാവനകൾക്ക് 2020-ൽ വേൾഡ് ട്രാവൽ മാർട്ട് ഔട്ട് സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചിരുന്നു. 2019-ൽ വേൾഡ് സസ്റ്റൈനബിൾ ടൂറിസം ലീഡറായും 2020-ൽ ഇന്ത്യൻ റെസ്പോൺസബിൾ ടൂറിസം ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.