കൊച്ചി: അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ ‘വണ്ടർലാ ഹോളിഡേയ്‌സി’ന്റെ കൊച്ചിയിലെ പാർക്ക് സെപ്റ്റംബർ ഒന്നു മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് അറിയിച്ചു. ജി.എസ്.ടി. ഉൾപ്പെടെ 799 രൂപ എന്ന സ്പെഷ്യൽ നിരക്കിൽ നിശ്ചിത കാലയളവിലേക്ക് ടിക്കറ്റ് ലഭ്യമാക്കുന്നുണ്ട്.

സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബുധൻ മുതൽ ശനി വരെ രാവിലെ 11.00 മുതലായിരിക്കും പാർക്കിന്റെ പ്രവർത്തനം. ഓൺലൈൻ പോർട്ടലിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ പ്രവർത്തിച്ച ‘കോവിഡ് ഏഞ്ചൽസി’നെ കൊച്ചി പാർക്കിലേക്ക് ക്ഷണിക്കുമെന്നും കമ്പനി അറിയിച്ചു.