കൊച്ചി: ഓൺലൈനിലൂടെ എവിടെയുമിരുന്ന് ഏലം ലേലം ചെയ്യാൻ അവസരമൊരുക്കി പുതിയ പോർട്ടൽ. ഏലം വ്യാപാര രംഗത്തെ പ്രമുഖരായ കെ.സി.പി.എം.സി. ലിമിറ്റഡാണ് ‘ഇലാച്ചി ഓൺലൈൻ’ (www.elaichi.online) എന്ന പേരിലുള്ള പോർട്ടൽ അവതരിപ്പിച്ചിരിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇന്റെല്ലോ ലാബ്‌സ്’ എന്ന സ്റ്റാർട്ട്അപ്പിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഇത്.

കഴിഞ്ഞയാഴ്ച പ്രവർത്തനം തുടങ്ങിയ പോർട്ടലിൽ ആദ്യ ലേലത്തിൽ തന്നെ 65 ടണ്ണിലധികം ഏലം വ്യാപാരം ചെയ്തു. ഏലത്തിന്റെ ഗ്രേഡ്, ലിറ്റർ ഭാരം, കളർ തുടങ്ങിയ എല്ലാവിധ വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് പോർട്ടൽ. ഏലത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിനായി സാങ്കേതികമായി മികച്ച ഇമേജിങ് ഉപകരണങ്ങളും അൽഗോരിതങ്ങളും ഉപയോഗിച്ച് അവയുടെ കൃത്യത ഉറപ്പുവരുത്തുന്നുണ്ടെന്ന് കെ.സി.പി.എം.സി. മാനേജിങ് ഡയറക്ടർ ജോജോ ജോർജ് പറഞ്ഞു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും വ്യാപാരികൾക്കാണ് ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. ആദ്യ ഘട്ടമെന്ന നിലയിൽ ആഴ്ചയിൽ ഓരോ ലേലമാണ് പ്ലാറ്റ്‌ഫോമിലൂടെ നടക്കുക. സമീപഭാവിയിൽ കൂടുതൽ പേർ ഇത് പ്രയോജനപ്പെടുത്തുന്നതോടെ ലേലത്തിന്റെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോജോ ജോർജ് വ്യക്തമാക്കി.

കേരളത്തിലോ തമിഴ്‌നാട്ടിലോ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ കോവിഡ് മഹാമാരിയുടെ കാലത്ത് വ്യാപാരികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് മനസ്സിലാക്കിയാണ് കമ്പനി ഓൺലൈൻ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.