പത്തനംതിട്ട: കെ.എസ്.എഫ്.ഇ. പുതുതായി അവതരിപ്പിച്ച പ്രവാസി ചിട്ടി വലിയ വിജയം കണ്ടെന്ന് ഭരണകാലാവധി പൂർത്തിയാക്കിയ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 1362 പ്രവാസി ചിട്ടികളിലായി 46545 വരിക്കാർ ചേർന്നു. ചിട്ടികളിൽ ആകെ വരിക്കാർ 22 ലക്ഷമാണ്.

അഞ്ചുവർഷമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വാർഷിക കണക്കെടുപ്പിൽ കെ.എസ്.എഫ്.ഇ. മുമ്പിലാണ്.

2021 -22 സാമ്പത്തികവർഷത്തിൽ 52762 കോടി രൂപയാണ് ടേണോവർ. 2016-17ൽ ഇത് 32643 ആയിരുന്നു. 2016-17ൽ 151 കോടിയും 2017-18ൽ 256 -ഉം 2018-19ൽ 122-ഉം 2019-20ൽ 105 കോടിയുമായിരുന്നു ലാഭം. കോവിഡ് രൂക്ഷമായ 2020-21ൽ 114 കോടി രൂപയുടെ ലാഭം കെ.എസ്.എഫ്. നേടി.

വിദ്യാശ്രീവഴി 12,000 ലാപ്ടോപ് വിതരണംചെയ്തു

751 അസിസ്റ്റന്റുമാർക്കും 374 ഓഫീസ് അറ്റന്റന്മാർക്കും ഏഴ് ജൂനിയർ മാനേജർമാർക്കും പി.എസ്.സി. വഴി നിയമനം നൽകി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് കുടുംബശ്രീ വഴി ലഘുതവണ വ്യവസ്ഥയിൽ 12,000 ലാപ്ടോപ്പുകൾ വിതരണംചെയ്തു. സൗജന്യ ടിവിയും വിതരണംചെയ്തു. കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് അഞ്ചുശതമാനം പലിശ നിരക്കിൽ സ്വർണവായ്പ നൽകുന്ന സൗഖ്യ പദ്ധതി ആരംഭിച്ചു. മാനേജിങ്‌ ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, എ.ജി.എം. വി. സാംബുജി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.