കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ചൊവ്വാഴ്ച ഒറ്റ ദിവസംകൊണ്ട് പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 4,620 രൂപയായി. നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വിലയിൽ ചൊവ്വാഴ്ച ഇടിവുണ്ടായത്. നവംബർ ഒന്നിന് 37,680 രൂപയായിരുന്നു പവൻവില. നവംബർ ഒൻപതിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 38,880 രൂപയിലേക്കെത്തി. 15 ദിവസംകൊണ്ട് 1,920 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്.
ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കയറിയും ഇറങ്ങിയും വിലയിൽ ചാഞ്ചാട്ടം തുടരുന്ന പ്രവണതയാണ് നവംബറിലും കാണുന്നത്. വരും മാസങ്ങൾ വിവാഹ സീസൺ കൂടിയായതിനാൽ വ്യാപാരികൾക്ക് പ്രതീക്ഷയുണ്ട്. വില വൻതോതിൽ കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വില്പന കൂടുമെന്നാണ് കണക്കാക്കുന്നത്.