കൊച്ചി: കോവിഡ്-19 വ്യാപിക്കുന്നതോടെ സംസ്ഥാനത്തെ ചെറുകിട വ്യവസായ (എം.എസ്.എം.ഇ.) മേഖല ഏതാണ്ട് പൂർണമായും സ്തംഭിച്ചു. എം.എസ്.എം.ഇ. മേഖലയിൽ നിന്നുള്ള വിൽപ്പന 65 ശതമാനത്തോളം കുറഞ്ഞതായി കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മേഖലയിൽ കോവിഡ് 19-ന്റെ ആഘാതത്തെക്കുറിച്ച് പഠിക്കുന്നതിനായി 14 ജില്ലകളിൽ നിന്നായി 20 വീതം വ്യവസായ യൂണിറ്റുകളെയാണ് കെ.എസ്.എസ്.ഐ.എ. സർവേയിൽ ഉൾപ്പെടുത്തിയത്. മൊത്തം 280 വ്യവസായ യൂണിറ്റുകളാണ് സർവേയുടെ ഭാഗമായത്.
മിക്ക സംസ്ഥാനങ്ങളും അതിർത്തികൾ അടച്ചതിനാൽ ചരക്കുഗതാഗതം തടസ്സപ്പെടുന്നത് അസംസ്‌കൃത വസ്തുക്കളും പായ്ക്കിങ് ഉത്പന്നങ്ങളും സംഭരിക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 60 ശതമാനം യൂണിറ്റുകളും പറഞ്ഞു.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ, നിർമിതോത്പന്നങ്ങളുടെ ചരക്കുനീക്കവും തടസ്സപ്പെട്ടതായി 73 ശതമാനം യൂണിറ്റുകൾ വ്യക്തമാക്കി. മേഖലയിലേക്കുള്ള പണമൊഴുക്ക് 30 ശതമാനമായി കുറഞ്ഞതായും സർവേ റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ പ്രതിസന്ധി മറികടന്ന് ബിസിനസ് സാധാരണനിലയിലേക്ക് മടങ്ങിവരുന്നതിന് ആറോ ഒൻപതോ മാസമെടുത്തേക്കുമെന്നാണ് വ്യവസായികൾ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ, എം.എസ്.എം.ഇ.കളുടെ നിലനില്പിന് 2,000 കോടി രൂപ വകയിരുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ വായ്പകൾക്കും 12 മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുക, പ്രവർത്തന മൂലധനം ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.