: ആഡംബര സ്പോർട്‌സ് കാർ ബ്രാൻഡായ ’ലംബോർഗിനി’യുടെ ആഗോള ആർട്ട് പ്രോജക്ടിന്റെ ചിത്രീകരണം കേരളത്തിൽ നടന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും പരിസരങ്ങളിലുമായി കേരളീയ പശ്ചാത്തലത്തിൽ നടന്ന ചിത്രീകരണത്തിന് മലയാളികളായ വിമൽ ചന്ദ്രനും ശരൺ വേലായുധനുമാണ് നേതൃത്വം നൽകിയത്. കേരളത്തിലെ അനുഷ്ഠാന രൂപങ്ങളായ പൂതൻ, തിറ, കുമ്മാട്ടി, കാളിയും വേലയും എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം. ഇറ്റാലിയൻ കമ്പനിയായ ലംബോർഗിനി ഇറ്റലിയിൽ അവതരിപ്പിച്ച ’ഇറ്റലിയോടൊപ്പം, ഇറ്റലിക്കു വേണ്ടി’ എന്ന ഫോട്ടോഗ്രഫി - ആർട്ട് പ്രോജക്ട് വൻ വിജയമായതോടെയാണ് ഇത് ഏഷ്യ-പസഫിക് മേഖലയിലേക്കും വ്യാപിപ്പിച്ചത്. ഈ മേഖലയിലെ ചിത്രീകരണത്തിനായി മലയാളികളായ വിമൽ, ശരൺ എന്നിവർക്ക് അവസരം ലഭിക്കുകയായിരുന്നു. ഇറ്റലിയുമായുള്ള കേരളത്തിന്റെ മുസിരിസ് ബന്ധം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇവിടം തിരഞ്ഞെടുത്തതെന്ന് വിമൽ ചന്ദ്രൻ പറഞ്ഞു. ആർട്ടും കോൺസെപ്റ്റും സ്റ്റിൽ ഡിസൈനും അദ്ദേഹമാണ് ഒരുക്കിയത്. വീഡിയോ ചിത്രീകരണം ശരൺ വേലായുധനും നിർവഹിച്ചു. ഇരുവരും ചേർന്ന് ബെംഗളൂരുവിലും കൊച്ചിയിലുമായി ’ഓർഡിനറി സീക്രട്ട് ഫിലിംസ്’ എന്ന പേരിൽ ഡിജിറ്റൽ ഫിലിം നിർമാണ കമ്പനി നടത്തുന്നുണ്ട്. ദൈവങ്ങളെ കാണാൻ ഉൾഗ്രാമത്തിലെത്തിയ അന്യഗ്രഹ ജീവിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ’ദി മീറ്റിങ് പ്ലേസ്’ എന്നാണ് പ്രോജക്ടിന് പേരിട്ടതെന്ന് ശരൺ പറഞ്ഞു. ’ലംബോർഗിനി ഹുറക്കാൻ’ എന്ന കാറാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചത്.