: സ്മാർട്ട് ഫോൺ നിർമാതാക്കളായ വൺപ്ലസിന്റെ സഹ സ്ഥാപകൻ കാൾ പൈ പുതുതായി സ്വന്തം നിലയിൽ തുടങ്ങുന്ന കമ്പനിയിൽ ഇന്ത്യൻ സ്റ്റാർട്ട്അപ്പ് സംരംഭകൻ കുനാൽ ഷാ മൂലധന നിക്ഷേപം നടത്തുന്നു. എത്ര തുകയാണ് മുതൽമുടക്കുന്നതെന്ന് വ്യക്തമല്ല.
ചൈനീസ് വംശജനായ സ്വീഡിഷ് വ്യവസായി കാൾ പൈ 2013-ൽ തന്റെ 24-ാം വയസ്സിലാണ് പീറ്റ് ലോയുമായി ചേർന്ന് വൺപ്ലസ് എന്ന കമ്പനിക്ക് തുടക്കമിട്ടത്. അത് ഇപ്പോൾ ഓപ്പോയുടെ നിയന്ത്രണത്തിലാണ്.
കൺസ്യൂമർ ഇലക്‌ട്രോണിക്സ് കമ്പനിയാണ് അദ്ദേഹം പുതുതായി തുടങ്ങുന്നതെന്നാണ് സൂചന. ഈയാഴ്ച കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കും. ടെക്‌നോളജി വ്യവസായ രംഗത്തെ ഒട്ടേറെ പ്രമുഖർ കമ്പനിയിൽ ഇതിനോടകം മുതൽമുടക്കിയിട്ടുണ്ട്. ഫ്രീചാർജ് എന്ന കമ്പനിയുടെ സ്ഥാപകനാണ് കുനാൽ ഷാ. അത് സ്നാപ്ഡീലിന് വിറ്റ ശേഷം ക്രെഡ് എന്ന സ്റ്റാർട്ട്അപ്പിന് തുടക്കം കുറിച്ചിട്ടുണ്ട്.