തിരുവനന്തപുരം: കിംസ്‌ ഹെൽത്ത്‌, ചെന്നൈയിലുള്ള എം.ജി.എം. ഹെൽത്ത്‌ കെയറിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കൽ യൂണിറ്റ്‌ തിരുവനന്തപുരത്ത്‌ ആരംഭിച്ചു. കിംസ്‌ ഹെൽത്തിന്റെ നിലവിലുള്ള അവയവമാറ്റ കേന്ദ്രം വിപുലീകരിച്ചാണ്‌ ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾകൂടി ലഭ്യമാക്കുന്നത്‌.

പൂർണമായും തകരാറിലായ ഹൃദയം മാറ്റിവയ്ക്കുന്നതിന്‌ ഉയർന്ന നിലവാരത്തിലുള്ള വൈദഗ്ദ്ധ്യം ആവശ്യമാണെന്ന്‌ കിംസ്‌ ഹെൽത്ത്‌ ഗ്രൂപ്പ്‌ ചെയർമാനും എം.ഡി.യുമായ ഡോ. എം.ഐ.സഹദുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.ജി.എമ്മുമായുള്ള സഹകരണത്തോടെ അവയവമാറ്റ ചികിത്സയിലെ അന്താരാഷ്ട്ര കേന്ദ്രമായി കിംസ്‌ ഹെൽത്ത്‌ മാറും. ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായതും എന്നാൽ ചെലവ്‌ താങ്ങാനാകാത്തതുമായ സാധാരണക്കാർക്കായി കിംസ്‌ ഹെൽത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രാരംഭത്തിൽ അൻപത്‌ ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കലിൽ എം.ജി.എമ്മിലെയും കിംസ്‌ ഹെൽത്തിലെയും ക്ലിനിക്കൽ സംഘങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുമെന്ന്‌ എം.ജി.എം. ഹെൽത്ത്‌ കെയറിന്റെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹാർട്ട്‌ ആൻഡ്‌ ലംഗ്‌ ട്രാൻപ്ലാന്റ്‌ ആൻഡ്‌ മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട്‌ വിഭാഗം ഡയറക്ടർ ഡോ. കെ.ആർ.ബാലകൃഷ്ണൻ പറഞ്ഞു.

ധാരണാപത്രങ്ങൾ ഡോ. എം.ഐ.സഹദുള്ളയും ഡോ. സുരേഷ്‌ റാവുവും കൈമാറി. ഡോ. സുരേഷ്‌ റാവു, ഡോ. സുജിത്‌ വി.ഐ., ഡോ. ഷാജി പാലങ്ങാടൻ, ഡോ. പ്രവീൺ മുരളീധരൻ, കിംസ്‌ എക്സിക്യുട്ടീവ്‌ ഡയറക്ടർ ഇ.എം.നജീബ്‌, എം.ജി.എം. ഹെൽത്ത്‌ കെയർ സി.ഇ.ഒ. ഹാരിഷ്‌ മണിയൻ, വൈസ്‌ പ്രസഡിന്റ്‌ ശരവണൻ രാമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.