കോഴിക്കോട്: സംസ്ഥാനത്തെ ടാറ്റാ വാഹനങ്ങളുടെ വിപണന ശൃംഖല ശക്തമാക്കുമെന്ന് ടാറ്റാ മോട്ടോഴ്സിന്റെ പാസഞ്ചർ, ഇലക്‌ട്രിക് വാഹന വിഭാഗം ബിസിനസ് യൂണിറ്റ് തലവൻ വിവേക് ബി. ശ്രീവാസ്തവ.

കേരളത്തിൽ ടാറ്റയുടെ വാഹനങ്ങൾക്ക് പ്രിയമേറെയാണ്. സംസ്ഥാനത്തെ വില്പനയെ വളരെ കാര്യമായിത്തന്നെയാണ് കമ്പനി നോക്കിക്കാണുന്നത്. അതിനാൽ വിപണന ശൃംഖല വിപുലപ്പെടുത്താനുള്ള നടപടികളിലാണ് കമ്പനി. അതോടൊപ്പം പരാതിക്കിടവരാത്ത വിധത്തിലുള്ള സർവീസും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി കൂടുതൽ ഡീലർഷിപ്പുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ടാറ്റയുടെ പുതിയ കോംപാക്ട് എസ്.യു.വി.യായ ‘പഞ്ച്’ വിപണിയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ എസ്.യു.വി.കൾക്കാണ് കൂടുതൽ പ്രിയമേറിയിരിക്കുന്നത്. ഉപഭോക്താവിന്റെ താത്പര്യത്തിനനുസരിച്ച് പുതിയ സെഗ്‌മെന്റുകൾ തുറക്കുന്നതിലൂടെ ഈ മേഖലയിൽ വിജയം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ടാറ്റയുടെ പഞ്ച് പുറത്തിറക്കിയതോടെ എസ്.യു.വി. വിപണിയിൽ പുതിയ മേഖലയാണ് തുറന്നിരിക്കുന്നത്. അത് ഇന്ത്യൻ വാഹന വിപണിക്ക്‌ ഗുണം ചെയ്യും. എന്നാൽ, മറ്റ് സെഗ്‌മെന്റുകളെ പഞ്ചിന്റെ വരവ് കാര്യമായി ബാധിക്കാനിടയില്ല. മൈക്രോ എസ്.യു.വി. ഒരിക്കലും ഒരു ഹാച്ച്ബാക്ക് മോഡലുകൾക്കോ അതുപോലുള്ള മറ്റ് വിഭാഗങ്ങൾക്കോ ഭീഷണിയാവില്ല. വിപണിയിലെ ശൃംഖല വിപുലപ്പെടുത്താനുള്ള നടപടികളിലാണ് ഇപ്പോൾ ടാറ്റയെന്നും അദ്ദേഹം പറഞ്ഞു.