കൊച്ചി: ഐ.ഡി.ബി.ഐ. ബാങ്കുമായി ചേർന്ന് റുപേ പ്ലാറ്റ്‌ഫോമിൽ കോൺടാക്ട്‌ലെസ് പ്രീപെയ്ഡ് ഗിഫ്റ്റ് കാർഡ് പുറത്തിറക്കി എൽ.ഐ.സി. കാർഡ്‌സ് സർവീസസ് ലിമിറ്റഡ് (എൽ.ഐ.സി. സി.എസ്.എൽ.). ‘ഷഗുൻ’ എന്ന പേരിലുള്ള ഗിഫ്റ്റ് കാർഡ് എൽ.ഐ.സി. ചെയർമാൻ എം.ആർ. കുമാർ അവതരിപ്പിച്ചു. എൽ.ഐ.സി. മാനേജിങ് ഡയറക്ടർമാരും ചീഫ് എക്സിക്യുട്ടീവ് ഓഫീസർമാരും ഐ.ഡി.ബി.ഐ. ബാങ്ക് എം.ഡി. രാകേഷ് ശർമ, എൻ.പി.സി.ഐ. എം.ഡി. ദിലീപ് അസ്‌ബേ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കറൻസി ഇടപാടുകൾക്കു പകരം കാർഡ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ഡിജിറ്റൽ ഇന്ത്യ ആശയത്തിനു ചുവടുപിടിച്ചാണ് കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു വർഷ കാലാവധിയിലുള്ള കാർഡിൽ 500-10,000 രൂപ വരെ റീചാർജ് ചെയ്യാം. പി.ഒ.എസ്. ടെർമിനലിൽ 5,000 രൂപ വരെയുള്ള ഇടപാടുകൾ കോൺടാക്ട്‌ലെസ് ആയി നടത്താം. ‘എം.പാസ്ബുക്ക്’ എന്ന മൊബൈൽ ആപ്പ് വഴി കാർഡ് ബാലൻസ്, ഇടപാടുകൾ എന്നിവ പരിശോധിക്കാനും കഴിയും.