കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഇൻഡ്ബാങ്ക് മർച്ചന്റ് ബാങ്കിങ് സർവീസസ് (ഐ.ബി.എം.ബി.എസ്. ലിമിറ്റഡ്) അലഹബാദ് ബാങ്കിന്റെ ഡി.പി. ബിസിനസ് ഏറ്റെടുത്തു. ഇതോടെ, 33,274 ഡീമാറ്റ് അക്കൗണ്ട് ഉടമകൾ തങ്ങൾക്ക് കീഴിലായി.

വെബ് അധിഷ്ഠിത ഇന്റർനെറ്റ് ട്രേഡിങ്, ടച്ച് 2 ട്രേഡ് മൊബൈൽ ട്രേഡിങ് ആപ്പ് എന്നിവ കമ്പനി ഈയിടെ അവതരിപ്പിച്ചു. എളുപ്പത്തിൽ പണം കൈമാറാനായി പേയ്‌മെന്റ് ഗേറ്റ്‌വേ ഇന്റഗ്രേറ്റ് ചെയ്യുകയും ചെയ്തതായി പ്രസിഡന്റ് എ. രാജാരാമൻ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായം 106.52 ശതമാനം വർധിച്ച് 407.43 കോടി രൂപയിലെത്തി. സ്റ്റോക് ബ്രോക്കിങ് പ്രവർത്തനങ്ങളിൽനിന്നുള്ള ഫീസ് അധിഷ്ഠിത വരുമാനം ഉയർത്താനും കമ്പനിക്ക് കഴിഞ്ഞു.