കൊച്ചി: ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ ക്രിപ്‌റ്റോ കറൻസികൾക്ക് മൂലധന നേട്ട നികുതി ഏർപ്പെടുത്താൻ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഒരുങ്ങുന്നു. പുതിയ ടാക്സ് കോഡ് നിലവിൽ വന്നാൽ ഇത്തരം കറൻസികളിൽനിന്നുള്ള മൂലധന നേട്ടത്തിന് 39.6 ശതമാനം നികുതി നൽകേണ്ടി വരും. ഈ ആശങ്കയിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനിന്റെ മൂല്യം എട്ട് ശതമാനം ഇടിഞ്ഞ് 47,525 ഡോളറിലെത്തി. അതായത്, ഏതാണ്ട് 36 ലക്ഷം രൂപ. ഒരു മാസത്തിനിടെ ആദ്യമായാണ് ബിറ്റ്‌കോയിൻ മൂല്യം 50,000 ഡോളറിന് താഴെയെത്തുന്നത്.

ബിറ്റ്‌കോയിനിന്റെ ചുവടുപിടിച്ച് ഈഥർ, എക്സ്.ആർ.പി. എന്നിവയുടെ മൂല്യത്തിലും ഏഴു ശതമാനത്തോളം ഇടിവുണ്ടായി. ബിറ്റ്‌കോയിനിന്റെ മൂല്യത്തിൽ ഒരാഴ്ച കൊണ്ട് 15 ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായത്. എങ്കിലും ഈ വർഷം ഇതുവരെയുള്ള പ്രകടനം കണക്കിലെടുത്താൻ 65 ശതമാനം നേട്ടത്തിലാണ്. ഈഥറിന്റെ വില ഒരാഴ്ച കൊണ്ട് 10 ശതമാനമാണ് ഇടിഞ്ഞത്.