തൃശ്ശൂർ: കോവിഡിനുശേഷം വർധിച്ചുവരുന്ന തൊഴിലില്ലായ്‌മ സമൂഹത്തെ ആശങ്കാകുലരാക്കുന്നുണ്ട്‌. ഒരുഭാഗത്ത്‌ തൊഴിലില്ലായ്‌മ വർധിച്ചുവരുമ്പോൾ മറുഭാഗത്ത്‌ ആവശ്യമായ തൊഴിൽവൈദഗ്ധ്യമുള്ളവരെ ലഭിക്കുന്നില്ല എന്ന പരാതിയും നിലനിൽക്കുന്നു. ഇത്തരം ഒരു പ്രശ്നത്തിന്‌ പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഹോളിഗ്രേസ്‌ ‘holygracejobpradhan.com’ എന്ന പേരിൽ പ്ലേസ്‌മെന്റ്‌ ഡ്രൈവ്‌ ഒരുക്കുന്നു. നവംബർ ആദ്യവാരത്തിൽ ഓൺലൈൻ ആയാണ്‌ പരിപാടി.

കേരളത്തിൽനിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുമുള്ള തൊഴിലന്വേഷകർക്ക്‌ ഈ പരിപാടിയിൽ പങ്കെടുക്കാം. ഇതിലേക്കായി ‘holygracejobpradhan’ എന്ന വെബ്‌സൈറ്റിൽ പേര്‌ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സൗജന്യമാണ്‌. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ ആവശ്യമെങ്കിൽ ഹോളിഗ്രേസ്‌ ഒരുക്കുന്ന വിവിധ പരിശീലനങ്ങളിൽ ഓൺലൈനായി പങ്കെടുക്കാം. സി.വി.യും റെസ്യൂമും തയ്യാറാക്കുന്നതിനുള്ള പരിശീലനം, ഇൻറർവ്യൂവിന്‌ ഉദ്യോഗാർത്ഥികളെ തയ്യാറാക്കൽ, മോക്ക്‌ ഇന്റർവ്യൂ, ഗ്രൂപ്പ്‌ ഡിസ്‌കഷൻ എന്നിവയെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പരിശീലനം ആവശ്യപ്പെടുന്നവരിൽനിന്ന്‌ നാമമാത്രമായ ഫീസ്‌ ഈടാക്കുന്നതാണ്‌. ഫീസ്‌ ഒാൺലൈനായി അടയ്ക്കുന്നതിന്‌ പ്രധാനപ്പെട്ട പേമെന്റ്‌ ഗേറ്റ്‌വേകളുമായി വെബ്‌സൈറ്റ്‌ ബന്ധപ്പെടുത്തിയിട്ടുണ്ട്‌.

ഇൻഫർമേഷൻ ടെക്‌നോളജിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ലോകോത്തരനിലവാരത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള Ibentos-ന്റെ പ്ളാറ്റ്‌ഫോം ഉപയോഗപ്പെടുത്തിയാണ്‌ ഓൺലൈൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്‌. കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ കമ്പനികളെ കൂടാതെ Ibentos-ന്റ സഹായത്തോടെ ആഗോളതലത്തിലെ തൊഴിൽദാതാക്കളെയും ഹോളിഗ്രേസ്‌ ഒരുക്കുന്ന മെഗാ പ്ലേസ്‌മെന്റ്‌ ഡ്രൈവിന്റെ ഭാഗമാക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

സി.വി.കൾ പരിശോധിച്ച്‌ കമ്പനികളുടെ ആവശ്യവുമായി താരതമ്യപ്പെടുത്തി തയ്യാറാക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്‌ ഉദ്യോഗാർത്ഥികളെ പ്ലെയ്‌സ്‌മെന്റ്‌ ഡ്രൈവിൽ പങ്കെടുപ്പിക്കുന്നത്‌. തൊഴിൽദാതാക്കൾക്ക്‌ പ്രത്യേകം ബൂത്തുകൾ ഒരുക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ അന്വേഷകർക്ക്‌ മുഖാമുഖത്തിന്‌ ഓൺലൈനായി അവസരമൊരുക്കുന്നതുമാണ്‌.

‘holigracejobpradhan’ എന്ന പരിപാടിയിലേക്കായി തയ്യാറാക്കിയ വെബ്‌സൈറ്റിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഒക്ടോബർ 25-ന്‌ നാലുമണിക്ക്‌ ഹോളിഗ്രേസിൽ നടക്കുന്ന ചടങ്ങിൽ എ.സി. മൊയ്തീൻ എം.എൽ.എ. നിർവഹിക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും.

സെപ്‌റ്റംബർ 9, 10, 11 തീയതികളിൽ ഹോളിഗ്രേസ്‌ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിലെ പ്രബന്ധങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകം ഇ.ടി. ടൈസൺ എം.എൽ.എ. പ്രകാശനം ചെയ്യും. അന്താരാഷ്ട്ര കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്ക്‌ ഹോളിഗ്രേസിന്റെ സ്നേഹോപഹാരം സനീഷ്‌കുമാർ ജോസഫ്‌ എം.എൽ.എ. നൽകും. ഹോളിഗ്രേസിനെ പ്രതിനിധാനം ചെയ്ത്‌ അക്കാദമിക്‌ ഡയറക്ടർ ഡോ. എം. രാമനുണ്ണി, വൈസ്‌ പ്രിൻസിപ്പൽ ഡോ. അരുൺ എം.പി., സെക്രട്ടറി ബെന്നി ഐനിക്കൽ, ചെയർമാൻ സാനി എടാട്ടുകാരൻ, വക്കച്ചൻ താക്കോൽക്കാരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.