കൊച്ചി: രാജ്യത്ത് ഇന്ധന വിലവർധന തുടരുന്നു. പെട്രോൾ ലിറ്ററിന് 38 പൈസ വരെയും ഡീസലിന് 40 പൈസ വരെയുമാണ് വെള്ളിയാഴ്ച വർധിച്ചത്. കേരളത്തിൽ ഒക്ടോബറിൽ മാത്രം ഇന്ധനവിലയിൽ അഞ്ചു രൂപയിലധികം വർധന രേഖപ്പെടുത്തി.

കൊച്ചി നഗരത്തിൽ പെട്രോൾ വില ലിറ്ററിന് 107.10 രൂപയായും ഡീസൽ വില 100.86 രൂപയായും വർധിച്ചു.

തിരുവനന്തപുരത്ത് വില യഥാക്രമം 109.14 രൂപയും 102.77 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 107.37 രൂപയും 101.14 രൂപയുമായി വില ഉയർന്നിട്ടുണ്ട്.

ഒക്ടോബർ ഒന്നിന് കൊച്ചിയിൽ പെട്രോളിന് 102.07 രൂപയും ഡീസലിന് 95.09 രൂപയുമായിരുന്നു വില.

തിരുവനന്തപുരത്ത് പെട്രോൾ വില 104.13 രൂപയും ഡീസൽ വില 97.03 രൂപയുമായിരുന്നു. കോഴിക്കോട് വില യഥാക്രമം 102.36 രൂപയും 95.39 രൂപയുമായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിലും ഇന്ധന വില ഉയരുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 85 ഡോളറിനുമുകളിലാണ് ഇപ്പോഴത്തെ നിരക്ക്.