കൊച്ചി: ഫെഡറൽ ബാങ്ക് 2021 ജൂലായ്-സെപ്റ്റംബർ പാദത്തിൽ 460.26 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ 307.62 കോടി രൂപയുമായി താരതമ്യം ചെയ്താൽ 49.6 ശതമാനം വളർച്ച. അതേസമയം, ബാങ്കിന്റെ മൊത്തവരുമാനം 2.9 ശതമാനത്തിന്റെ നേരിയ ഇടിവുമായി 3823.61 കോടി രൂപയിലെത്തി.

ചില മേഖലകളിൽ ലഭ്യമായ മികച്ച വായ്പാ വളർച്ചയുടെ പിൻബലത്തിൽ അറ്റ പലിശ വരുമാനത്തിലും അറ്റ പലിശ മാർജിനിലും മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചതായി ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. അറ്റ പലിശ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 7.22 ശതമാനം വർധിച്ച് 1,479.42 കോടി രൂപയിലെത്തി.

വായ്പാ തിരിച്ചടവിലെ മികവും നവീകരണവും വായ്പാ ചെലവുകൾ ഉയരാതിരിക്കാൻ സഹായിച്ചു. കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് (കാസ) അനുപാതം 18 ശതമാനം വാർഷിക വളർച്ചയോടെ എക്കാലത്തേയും ഉയർന്ന അനുപാതമായ 36.16 ശതമാനത്തിലെത്തി. 20.54 ശതമാനം വിപണിവിഹിതത്തോടെ വിദേശത്തു നിന്നുള്ള റെമിറ്റൻസിൽ മുന്നേറ്റം തുടരാൻ ബാങ്കിന് കഴിയുന്നുണ്ട്.

പുതിയ അക്കൗണ്ടുകളിൽ പകുതിയിലേറെയും ഇപ്പോൾ തുറക്കപ്പെടുന്നത് നിയോ ബാങ്കിങ്- ഫിൻടെക് സംരഭങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണെന്നും ശ്യാം ശ്രീനിവാസൻ വ്യക്തമാക്കി.

ബാങ്കിന്റെ മൊത്തം ബിസിനസ് 9.56 ശതമാനം വളർച്ചയോടെ 3,06,399.38 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം 1,71,994.75 കോടിയായും മൊത്തം വായ്പകൾ 1,37,313.37 കോടി രൂപയായുമാണ് ഉയർന്നത്. സ്വർണവായ്പ 25.88 ശതമാനം വളർച്ചയോടെ 15,976 കോടി രൂപയിലെത്തി.